'അത് ലോറിയുടെ ടൂൾ ബോക്സാണ് സാറേ', പരിശോധിച്ചപ്പോൾ പേരിന് ഒരു ടൂൾ പോലുമില്ല, രഹസ്യ അറയിൽ ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും
കൽപ്പറ്റ: വയനാട്ടിൽ വാണിജ്യ അളവിൽ വീണ്ടും ലഹരിമരുന്ന് പിടികൂടി. മീനങ്ങാടി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ ലോറിയുടെ ടൂൾ ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും കണ്ടെടുത്തു. സംഭവത്തിൽ പള്ളിക്കുന്ന് ആനക്കുഴി വീട്ടിൽ ജിബിൻ ജോൺസൺ (24), കുറുമ്പാലക്കോട്ട കാക്കശ്ശേരി വീട്ടിൽ നിഖിൽ തോമസ് (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച വൈകീട്ട് മീനങ്ങാടി കൊളഗപ്പാറ സ്കൂൾ ജംഗ്ഷന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം സംശയകരമായ സാഹചര്യത്തിൽ കണ്ട കെഎൽ 73 എഫ് 1089 നമ്പർ ലോറി തടഞ്ഞുനിർത്തുകയായിരുന്നു. ലോറി പരിശോധിക്കുന്നതിനിടെ ഡ്രൈവറും സഹായിയും പരിഭ്രമിക്കുന്നത് കണ്ട പോലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇളകിയ നിലയിലായിരുന്ന ടൂൾ ബോക്സിനുള്ളിൽ മറ്റൊരു ബോക്സിനുള്ളിലായി ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു.</p><p>17.98 ഗ്രാം എംഡിഎംഎ, 4.59 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. മൈസൂരിലെ ബേഗൂരിൽ നിന്നുമാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. സ്വന്തം ആവശ്യത്തിനും ജില്ലയിലെ വിവിധയിടങ്ങളിൽ വിൽപന നടത്തുന്നതിനുമായാണ് ഇവ കൊണ്ടുവന്നത്. മീനങ്ങാടി എസ്.ഐ ഡി. മിഥുൻ, എ.എസ്.ഐ സുകുമാരൻ, സി.പി.ഒമാരായ അയ്യൂബ്, ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.</p>