ആറ്റുകാൽ പൊങ്കാല ദിവസം മസ്ജിദുകളും വീടുകളും ഭക്തർക്കായി തുറന്നുകൊടുക്കണം; വൈറലായി പാളയം ഇമാമിന്റെ പ്രസംഗം

ആറ്റുകാൽ പൊങ്കാല ദിവസം മസ്ജിദുകളും വീടുകളും ഭക്തർക്കായി തുറന്നുകൊടുക്കണം; വൈറലായി പാളയം ഇമാമിന്റെ പ്രസംഗം



പാളയം ഇമാം ഡോ. സുഹൈബ് മൗലവി | Image credit: Mathrubhumi Video | ആറ്റുകാൽ പൊങ്കാല | ചിത്രം: ജി. ബിനുലാൽ, മാതൃഭൂമി
പാളയം ഇമാം ഡോ. സുഹൈബ് മൗലവി 

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശവുമായി പാളയം ഇമാമിന്റെ പ്രസംഗം. പൊങ്കാലയ്ക്ക് എത്തുന്നവർക്കായി മസ്ജിദുകളും വീടുകളും വിശ്രമത്തിനായി തുറന്നുകൊടുക്കണമെന്നും പൊങ്കാല ദിവസം ഭക്ഷണവും പാനീയവും കരുതണമെന്നും പറയുന്ന ഇമാമിന്റെ പ്രസംഗം ഇതിനോടകം വൈറലാണ്.


'ആറ്റുകാൽ പൊങ്കാലയാണ് ഏതാനും ദിവസങ്ങൾക്കകം വരുന്നത്. വേറെ ഒരു വിശ്വാസവുമായി ബന്ധപ്പെട്ടതാകയാൽ അതിന്റെ ആചാരങ്ങളിലും ചടങ്ങുകളിലും നമ്മൾ പങ്കാളികളല്ല. പക്ഷേ, കുറേ സഹോദരിമാരും കുട്ടികളും തിരുവനന്തപുരം നഗരത്തിലേക്ക് അതിഥികളായി എത്തുന്ന സന്ദർഭമാണ്. അവരുടെ ഏറ്റവും നല്ല ആതിഥേയരായി മാറാൻ നമുക്ക് സാധിക്കണം.', പാളയം ഇമാം ഡോ. സുഹൈബ് മൗലവി പറഞ്ഞു.


'കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ റമദാനിലാണ് ഈ വർഷവും പൊങ്കാല നടക്കുന്നത്. റമദാനിന്റേതായ ഏറ്റവും നല്ല സന്തോഷത്തിന്റെ, സാഹോദര്യത്തിന്റെ സ്‌നേഹത്തിന്റെ അനുഭവങ്ങൾ പൊങ്കാലയ്‌ക്കെത്തുന്ന നമ്മുടെ സഹോദരിമാർക്കും അവരുടെ കുട്ടികൾക്കും സമ്മാനിക്കുവാൻ നമുക്ക് സാധിക്കണം.', ഇമാം കൂട്ടിച്ചേർത്തു.


'കുടിവെള്ളവും റമദാൻ വിഭവങ്ങളുമെല്ലാം അവർക്ക് നാം സമ്മാനിക്കണം. അവർക്ക് വിശ്രമിക്കാൻ സൗകര്യം ചെയ്തുകൊടുക്കണം. നമ്മുടെ മസ്ജിദുകളും വീടുകളും പൂർണമായും അവർക്കുമുന്നിൽ തുറക്കപ്പെടുന്ന സാഹചര്യം ഉണ്ടാകണം. നമ്മുടെ സ്‌നേഹവും സാഹോദര്യവും തുറന്നുകാണിക്കാനുള്ള സന്ദർഭമാണിത്.' അദ്ദേഹം പറഞ്ഞു


. സ്‌നേഹവും സാഹോദര്യവുംകൊണ്ട് മാത്രമേ ലോകത്തും രാജ്യത്തും വളർന്നുവരുന്ന ഇസ്ലാമോഫോബിയയേയും വിദ്വേഷത്തേയും പ്രതിരോധിക്കാൻ സാധിക്കൂ എന്ന പൂർണമായ ബോധ്യം ഉണ്ടാവണമെന്നും അതിനുള്ള മികച്ച സന്ദർഭമാണ് ഇതെന്നും അദ്ദേഹം വെള്ളിയാഴ്ച നമസ്‌കാരത്തിൽ വിശ്വാസികളോട് നടത്തിയ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.