ഒത്തൊരുമയുടെ സന്ദേശം പകർന്ന് ക്ഷേത്രമുറ്റത്ത് നോമ്പ് തുറ; മതമൈത്രിയുടെ സംഗമവേദിയായി കാസർകോട് അരവത്ത് ഗ്രാമം

ഒത്തൊരുമയുടെ സന്ദേശം പകർന്ന് ക്ഷേത്രമുറ്റത്ത് നോമ്പ് തുറ; മതമൈത്രിയുടെ സംഗമവേദിയായി കാസർകോട് അരവത്ത് ഗ്രാമം


കാസർകോട്: കാസർകോട് ജില്ലയിലെ അരവത്ത് ഗ്രാമം വീണ്ടും മാതൃകയാകുന്നു. ബ്രഹ്മകലശോത്സവം നടക്കുന്ന അരവത്ത് മട്ടൈങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രത്തിലാണ് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവർ ഒത്തുചേർന്ന സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചത്. ക്ഷേത്രത്തിലെ പൂബാണം യു.എ.ഇ. കമ്മിറ്റിയാണ് വ്യാഴാഴ്ച ക്ഷേത്ര തിരുമുറ്റത്ത് ഈ നോമ്പ് തുറ ഒരുക്കിയത്. പ്രവാസ ലോകത്തെ ഒത്തൊരുമ സ്വന്തം നാട്ടിലും പടർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നീക്കം.</p><p>മൗവ്വൽ, പരവങ്ങാനം, തായൽ മൗവ്വൽ തുടങ്ങിയ പ്രദേശങ്ങളിലെ മുസ്ലിം സഹോദരങ്ങൾ ക്ഷേത്രമുറ്റത്തെത്തി നോമ്പ് തുറന്നു. ഹൈന്ദവ വിശ്വാസികൾ അവർക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി ഒപ്പം നിന്നു. യു.എ.ഇ. കമ്മിറ്റി പ്രസിഡന്റ് കെ. അശോകൻ പതിക്കാൽ, ക്ഷേത്ര ആഘോഷക്കമ്മിറ്റി ചെയർമാൻ കെ. ശിവരാമൻ മേസ്ത്രി എന്നിവരുടെ നേതൃത്വത്തിൽ അതിഥികളെ സ്വീകരിച്ചു. ഹക്കിം കുന്നിൽ, സാജിത് മൗവ്വൽ, അഡ്വ. കെ. ബാലകൃഷ്ണൻ തുടങ്ങിയ നിരവധി രാഷ്ട്രീയ-സാമൂഹിക നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. ബ്രഹ്മകലശോത്സവത്തിന്റെ പുണ്യത്തോടൊപ്പം റംസാൻ മാസത്തിലെ കാരുണ്യവും ഒത്തുചേർന്നപ്പോൾ അത് നാടിന്റെ ഐക്യത്തിന്റെ വിളംബരമായി മാറി