കണ്ണൂർ സെൻട്രൽ ജയിലിന് ചരിത്രനേട്ടം; ഇന്ത്യയിലെ ആദ്യത്തെ 'നെറ്റ് സീറോ കാർബൺ' ജയിൽ

കണ്ണൂർ സെൻട്രൽ ജയിലിന് ചരിത്രനേട്ടം; ഇന്ത്യയിലെ ആദ്യത്തെ 'നെറ്റ് സീറോ കാർബൺ' ജയിൽ

 


കണ്ണൂർ: തടവറകളുടെ നാലു ചുവരുകൾക്കുള്ളിൽ നിന്ന് പരിസ്ഥിതി സൗഹൃദത്തിന്റെ പുതിയൊരു സന്ദേശം രാജ്യത്തിന് നൽകുകയാണ് കണ്ണൂർ സെൻട്രൽ ജയിൽ. ഇന്ത്യയിലെ ആദ്യത്തെ 'നെറ്റ് സീറോ കാർബൺ'  പദവി കൈവരിച്ച ജയിൽ എന്ന അഭിമാന നേട്ടം സംസ്ഥാനത്തിന് സ്വന്തമായി. 

കാർബൺ വികിരണം കുറയ്ക്കുന്നതിനൊപ്പം വിവിധ മാലിന്യ സംസ്കരണ പദ്ധതികളും നടപ്പിലാക്കിയാണ്  കണ്ണൂർ സെൻട്രൽ ജയിൽ ഈ മാതൃകാപരമായ നേട്ടം സ്വന്തമാക്കിയത്. 'ഹരിത കേരള മിഷൻ സംഘടിപ്പിച്ച ദേശീയ പരിസ്ഥിതി സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നെറ്റ് സീറോ കാർബൺ പദവി നേടിയ കണ്ണൂർ സെൻട്രൽ ജയിലിനുള്ള പുരസ്‌കാരം സമ്മാനിച്ചു.

കേന്ദ്ര സർക്കാർ 2070 ലും സംസ്ഥാന സർക്കാർ 2050 ലും നെറ്റ് സീറോ കാർബൺ പദവി നേടാനുള്ള ലക്ഷ്യങ്ങളിലേക്കുള്ള ഒരു ചുവടുവെപ്പായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനത്തിലും  പ്രകൃതി സംരക്ഷണത്തിനും സമഗ്രമായ പരിപാടികൾ സംഘടിപ്പിക്കുന്ന, ഹരിത കേരളമിഷനാണ് കണ്ണൂർ  സെൻട്രൽ ജയിലിനു ഈ നേട്ടം കൈവരിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തത്. ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ഹരിത സ്പർശമാണ് ജയിലിൽ ഇത്തരത്തിലുള്ള പരിസ്ഥിതി സംരക്ഷണത്തിനും വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത്.

ഹരിത കേരളമിഷന്റെയും നവകേരളം കർമ്മപദ്ധതിയുടെയും  സ്റ്റേറ്റ് കോ ഓർഡിനേറ്ററായ ഡോ. ടി. എൻ. സീമ 2025 ജനുവരി 20ന് ഉദ്ഘാടനം ചെയ്ത പരിശീലന പരിപാടികൾക്കും നിരന്തരമായ തുടർ പ്രവർത്തനങ്ങുളുടെയും  പരിസമാപ്തിയിലാണ് ഈ നേട്ടം. 

ജയിൽ സൂപ്രണ്ട് കെ വേണു, ജോയിന്റ് സൂപ്രണ്ടുമാരായ റിനിൽ കെ.കെ, പ്രവീഷ് ടി. ജെ, വെൽഫയർ ഓഫീസർ രാജേഷ് കുമാർ, അസിസ്റ്റന്റ് സൂപ്രണ്ടുമാരായ പി. ടി. സന്തോഷ്‌, ശ്രീജിത്ത്‌, വിജയകുമാർ, ഹരിത സ്പർശം കോർഡിനേറ്റർ എ. കെ ഷിനോജ്, അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാരായ അരുൺ കെ.ടി, ബൈജു കെ. കെ, ബിജിത്ത് എന്നിവരും ഹരിത കേരള മിഷൻ കണ്ണൂർ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ, റിസോഴ്‌സ് പേഴ്സൺ ശ്രീരാഗ് തുടങ്ങിയവരുമാണ് പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്.