എപ്‌സ്റ്റീനുമായുള്ള ബന്ധം പുറത്തായി; ഡിപി വേൾഡ് ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലായത്തിന്‍റെ കസേര തെറിച്ചു

എപ്‌സ്റ്റീനുമായുള്ള ബന്ധം പുറത്തായി; ഡിപി വേൾഡ് ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലായത്തിന്‍റെ കസേര തെറിച്ചു



എപ്‌സ്റ്റീൻ ഫയലുകളിൽ നിരവധി തവണ പേരുവിവരങ്ങൾ വരികയും ജെഫ്രി എപ്‌സ്റ്റീനുമായി അടുത്ത ബന്ധം പുലർത്തിയ വിവരം വെളിച്ചത്താവുകയും ചെയ്തതോടെ ഡിപി വേൾഡ് ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലായത്തിന്‍റെ പദവി തെറിച്ചു. ചെയർമാൻ, സിഇഒ സ്ഥാനങ്ങളിൽ നിന്നും അദ്ദേഹത്തെ മാറ്റിയ കമ്പനി പകരം പുതിയ മേധാവികളെ നിയമിക്കുകയും ചെയ്തു.

എസ്സ കാസിമാണ് പുതിയ ചെയർമാൻ. ഇന്ത്യൻ വംശജൻ യുവരാജ് നാരായണനെ ഗ്രൂപ്പ് സിഇഒയായും ദുബായ് മീഡിയ ഓഫീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളിൽ സുലായത്തിന്റെ പേര് ഉൾപ്പെട്ടതും, എപ്സ്റ്റീനുമായി അടുത്ത ബന്ധം പുലർത്തുന്നതിന്‍റെ ചിത്രങ്ങൾ പുറത്തായതും വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ALSO READ; ആപ്പിളിന് മുന്നറിയിപ്പുമായി ഡോണാൾഡ് ട്രംമ്പ്

എപ്‌സ്റ്റീൻ സുലായത്തെ തന്റെ ‘ഏറ്റവും വിശ്വസ്തനായ സുഹൃത്ത്’ എന്നാണ് മെയിലുകളിൽ വിശേഷിപ്പിച്ചിരുന്നത്. ചില ഇ മെയിലുകളിലെ ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം കനത്ത ജനരോഷത്തിന് കാരണമായിരുന്നു. എപ്‌സ്റ്റീൻ ബന്ധം പുറത്തായതോടെ കാനഡയിലെയും യുകെയിലെയും ചില കമ്പനികൾ ഡിപി വേൾഡുമായുള്ള ഭാവി സംരംഭങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് കമ്പനികളിലൊന്നായ ഡിപി വേൾഡിന്റെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനാണ് കമ്പനി വേഗത്തിൽ നടപടിയെടുത്തത് എന്നാണ് സൂചന. ദുബായ് പോർട്ട്‌സ് കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപ്പറേഷൻ മേധാവി സ്ഥാനത്ത് നിന്നും സുലായത്തെ മാറ്റിയിട്ടുണ്ട്. ദുബായിലെ പ്രശസ്തമായ പാം ഐലൻഡുകളുടെ നിർമ്മാണത്തിലടക്കം പങ്ക് വഹിച്ചിട്ടുള്ള ശതകോടീശ്വരനായ ബിസിനസ് വ്യക്തിത്വമാണ് സുൽത്താൻ അഹമ്മദ് ബിൻ സുലായം.