രാജ്യത്തെ ആദ്യ പൊതു ഉടമസ്ഥതാ സൗരോർജ ശേഖരണ പദ്ധതി കേരളത്തിൽ, ഉടൻ പ്രവർത്തനം തുടങ്ങും, പെരിഞ്ഞനം ദേശീയ മാതൃകയിലേക്ക്

രാജ്യത്തെ ആദ്യ പൊതു ഉടമസ്ഥതാ സൗരോർജ ശേഖരണ പദ്ധതി കേരളത്തിൽ, ഉടൻ പ്രവർത്തനം തുടങ്ങും, പെരിഞ്ഞനം ദേശീയ മാതൃകയിലേക്ക്

തൃശൂര്‍: ഊർജസുരക്ഷ ശക്തിപ്പെടുത്തുകയും വൈദ്യുതി സംവിധാനങ്ങളെ വികേന്ദ്രീകരിക്കുകയും ചെയ്യാൻ പൊതുസമൂഹത്തിന്റെ ഉടമസ്ഥതയിലുള്ള ബാറ്ററി ശേഖരണ സംവിധാനം അനിവാര്യമാണെന്ന് പുതിയ പഠനം. ഈ ആശയം പ്രായോഗികമാക്കുന്ന രാജ്യത്തെ ആദ്യ പൊതുവുടമസ്ഥതാ പദ്ധതി തൃശൂർ ജില്ലയിലെ പെരിഞ്ഞനത്ത് ഉടൻ പ്രവർത്തനം തുടങ്ങും. കേരളത്തിലെ പുനരുപയോഗ ഊർജ പരിവർത്തനം പുനർനിർവചിക്കുന്ന പഠന റിപ്പോർട്ട് പ്രകാശനച്ചടങ്ങിലാണ് പദ്ധതി പ്രഖ്യാപിച്ചത്. പെരിഞ്ഞനം പഞ്ചായത്തിലെ പൈലറ്റ് കമ്മ്യൂണിറ്റി ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി ദേശീയ മാതൃകയാകുമെന്ന് വിദഗ്ധർ സെമിനാറിൽ വ്യക്തമാക്കി. കാലാവസ്ഥാ മാറ്റവും പരിസ്ഥിതിയും സംബന്ധിച്ച ഗവേഷണ സ്ഥാപനമായ അസർ സോഷ്യൽ ഇംപാക്ട് അഡ്വൈവസേഴ്സ് തയ്യാറാക്കിയ 'ചാർജിംഗ് ചേഞ്ച്: സ്‌ട്രെങ്തനിംഗ് കേരളാസ് എനർജി സെക്യൂരിറ്റി ത്രൂ കമ്മ്യൂണിറ്റി ഓണർഷിപ്പ്' എന്ന റിപ്പോർട്ടിന്റെ പ്രകാശന വേളയിലാണ് പ്രഖ്യാപനം.

2040 ഓടെ 100 ശതമാനം പുനരുപയോഗ വൈദ്യുതിയിലേക്കും 2050 ഓടെ കാർബൺ ന്യൂട്രാലിറ്റിയിലേക്കും കേരളം നീങ്ങേണ്ടതുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മേൽക്കൂര സോളാറിൽ വേഗത്തിലുള്ള വളർച്ച ഉണ്ടായിട്ടും ഇറക്കുമതി വൈദ്യുതിയിലേക്കുള്ള ആശ്രയം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നു. 2026 മെയ് മാസത്തോടെ പെരിഞ്ഞനത്ത് 2 കോടി രൂപ ചെലവിൽ കമ്മ്യൂണിറ്റി ഉടമസ്ഥതയിലുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (സി-ബെസ്) കമ്മീഷൻ ചെയ്യുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം) കെ.ആർ. ജ്യോതിലാൽ അറിയിച്ചു. പ്രാദേശിക കമ്മ്യൂണിറ്റി മാനേജ്‌മെന്റിന് കീഴിൽ വികേന്ദ്രീകൃത സംഭരണ അടിസ്ഥാന സൗകര്യം സൃഷ്ടിക്കുന്ന രാജ്യത്തെ ആദ്യ ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

കേരള സംസ്ഥാന വൈദ്യുതി ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ പിന്തുണയും പെരിഞ്ഞനം ഗ്രാമപഞ്ചായത്തിന്റെ വിവിധ കാലഘട്ടങ്ങളിലെ നേതൃത്വങ്ങളുടെ മുൻകൈയും ചേർന്നാണ് പദ്ധതി വിജയത്തിലേക്ക് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക് മൊബിലിറ്റി നയവുമായി സംഭരണ മാതൃകയെ ബന്ധിപ്പിക്കുന്ന നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വികേന്ദ്രീകൃത ഗ്രിഡുകളിലൂടെ പ്രവർത്തിക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് സംഭരണ ബാറ്ററികൾ ഉപയോഗിക്കാനും അധിക വൈദ്യുതി ഗ്രിഡിലേക്ക് തിരിച്ചുനൽകാനും പുതിയ സോളാർ നയം വഴി സാധ്യമാകും. ''പെരിഞ്ഞനം മോഡൽ ദേശീയ മാതൃകയാകണം,'' അദ്ദേഹം കൂട്ടിച്ചേർത്തു. 2018ലെ വെള്ളപ്പൊക്കത്തിൽ ദീർഘകാല വൈദ്യുതി തടസ്സങ്ങൾ അനുഭവപ്പെട്ടതോടെയാണ് വികേന്ദ്രീകൃത ഊർജ സംവിധാനങ്ങളിലേക്കുള്ള ചിന്ത ശക്തമായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പരമ്പരാഗത ബാക്കപ്പ് സംവിധാനങ്ങളുടെ ദുർബലത ദുരന്തം തുറന്നുകാട്ടിയതായി എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ. ഹരികുമാർ പറഞ്ഞു. ബേസ്‌മെന്റുകളിൽ സൂക്ഷിച്ചിരുന്ന ഡീസൽ ജനറേറ്ററുകൾ പ്രവർത്തനരഹിതമായതോടെ ബഹുനില കെട്ടിടങ്ങളിലെ താമസക്കാർ ദിവസങ്ങളോളം വൈദ്യുതിയില്ലാതെ കഴിയേണ്ടിവന്നതായി അദ്ദേഹം ഓർമ്മിപ്പിച്ചു.

കേരളത്തിന്റെ ഊർജഭാവിക്ക് സംഭരണ സംവിധാനം നിർണായകമാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. 2025 ഡിസംബറോടെ സംസ്ഥാനത്തിന്റെ പുനരുപയോഗ  ഊർജ ഉല്പാദന ശേഷി 2,382.34 മെഗാവാട്ടിലെത്തി. ഇൻസ്റ്റാൾ ചെയ്ത സോളാറിന്റെ 83 ശതമാനവും മേൽക്കൂര സോളാറാണ്. എന്നാൽ പീക്ക് സമയ വൈദ്യുതി ആവശ്യകത 2024 മെയ് മാസത്തിൽ 5,797 മെഗാവാട്ടിലെത്തി. നിലവിലെ പ്രവണത തുടർന്നാൽ 2030-കളുടെ തുടക്കത്തിൽ ഡിമാൻഡ് 10,000 മെഗാവാട്ടിനടുത്തെത്തും. പകൽ സൗരോർജ ഉൽപാദനം ഉയരുമ്പോൾ വൈകുന്നേരങ്ങളിൽ വൈദ്യുതി ആവശ്യകത കുത്തനെ ഉയരുന്നതാണ് പ്രധാന വെല്ലുവിളി. ഇതോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിലകൂടിയ വൈദ്യുതി വാങ്ങേണ്ട സാഹചര്യം വർധിക്കുന്നു. 2039-40 ഓടെ ഗ്രിഡ് സ്ഥിരതയ്ക്കായി 3.8 മുതൽ 4.1 ജിഗാവാട്ട് വരെ സംഭരണ ശേഷി ആവശ്യമായി വരുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

സി-ബെസ് മാതൃക വ്യക്തിഗത ബാറ്ററികളിൽ നിന്നോ വലിയ യൂട്ടിലിറ്റി സ്റ്റോറേജ് സംവിധാനങ്ങളിൽ നിന്നോ വ്യത്യസ്തമാണ്. വിതരണ ട്രാൻസ്‌ഫോർമർ അല്ലെങ്കിൽ ഫീഡർ തലത്തിൽ സ്ഥാപിക്കുന്ന ബാറ്ററി പകൽ മിച്ചമുള്ള സോളാർ വൈദ്യുതി സംഭരിച്ച് വൈകുന്നേര പീക്ക് സമയത്ത് ഉപയോഗിക്കും. പഞ്ചായത്തുകൾ, സഹകരണ സ്ഥാപനങ്ങൾ, ഉത്പാദക കൂട്ടായ്മകൾ എന്നിവയുടെ നിയന്ത്രണത്തിലുള്ള പങ്കിട്ട പൊതു ആസ്തിയായി സംഭരണ സംവിധാനത്തെ രൂപപ്പെടുത്തുന്നതാണ് ഈ മോഡൽ. ഇതിലൂടെ പീക്ക് സമയ വൈദ്യുതി വാങ്ങൽ കുറയ്ക്കാനും സിസ്റ്റം നഷ്ടങ്ങൾ ചുരുക്കാനും മേൽക്കൂര സോളാർ ഇല്ലാത്ത വീടുകൾക്കും പ്രയോജനം ലഭിക്കുമെന്നും പഠനം പറയുന്നു. വലിയ കേന്ദ്രീകൃത പദ്ധതികൾക്ക് ബദലായി കമ്മ്യൂണിറ്റി മാനേജ്ഡ് മാതൃക ഊർജസുരക്ഷയ്ക്ക് പുതിയ വഴി തുറക്കുമെന്ന് അസറിലെ സ്ട്രാറ്റജിക് അലയൻസ് മേധാവി പ്രിയ പിള്ള പറഞ്ഞു. കേരളത്തിലെ ജനസാന്ദ്രതയും ഭൂമിയുടെ പരിമിതിയും കണക്കിലെടുത്താൽ വികേന്ദ്രീകൃത സൗരോർജ വികസനമാണ് കൂടുതൽ പ്രായോഗികമെന്ന് വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്‌റ്റൈനബിൾ എനർജിയുടെ സ്ഥാപക ഡയറക്ടർ ജനറൽ ജി.എം. പിള്ള അഭിപ്രായപ്പെട്ടു. വാണിജ്യ കെട്ടിടങ്ങളിലും പുതിയ ഭവന പദ്ധതികളിലും സൗരോർജ ഉപയോഗം നിർബന്ധമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.