വീണാ ജോര്‍ജിനെതിരെ ഉണ്ടായ കെഎസ്‌യു ആക്രമണം കോണ്‍ഗ്രസിന്റെ ഹീനരാഷ്ട്രീയമെന്ന് മുഖ്യമന്ത്രി; ‘മന്ത്രിക്കെതിരായുള്ള ആക്രമണം രാഷ്ട്രീയമായിട്ടല്ല രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാന്‍ കഴിയുക’

വീണാ ജോര്‍ജിനെതിരെ ഉണ്ടായ കെഎസ്‌യു ആക്രമണം കോണ്‍ഗ്രസിന്റെ ഹീനരാഷ്ട്രീയമെന്ന് മുഖ്യമന്ത്രി; ‘മന്ത്രിക്കെതിരായുള്ള ആക്രമണം രാഷ്ട്രീയമായിട്ടല്ല രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാന്‍ കഴിയുക’



വീണാ ജോര്‍ജിനെതിരെ കണ്ണൂരില്‍ ഉണ്ടായ കെഎസ്യു ആക്രമണം കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിയെ ആശുപത്രിയിലെത്തി മുഖ്യമന്ത്രി കണ്ടു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല. ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്ലാറ്റ്‌ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജന്‍സികളും അംഗീകരിച്ചതും ആണ്. എന്നിട്ടും ചില സംഭവങ്ങള്‍ പര്‍വതീകരിച്ച് അതില്‍ ഒരുതരത്തിലും ഉള്‍പ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാന്‍ കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകര്‍ക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോണ്‍ഗ്രസ് നേതൃത്വം കരുതരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെയും യുഡിഎഫ് മുന്നണിയുടെയും നേതൃത്വത്തിനു തന്നെയാണ്. തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയത്തെ മലീമസമാക്കുന്ന അവരുടെ ശൈലിയുടെ പ്രതിഫലനമാണ് കെഎസ്യു ആക്രമികളിലൂടെ പുറത്തുവന്നത്. ഇത് അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ആരോഗ്യമന്ത്രിയ്ക്ക് കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റത്. വന്ദേ ഭാരത് ട്രെയിനില്‍ പോകാനാണ് മന്ത്രി റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ എത്തിയത്. ഇതേ ട്രെയിനില്‍ പോകാന്‍ സ്പീക്കര്‍ എ.എന്‍. ഷംസീറും എത്തിയിരുന്നു. സ്പീക്കര്‍ ആദ്യം പ്ലാറ്റ്‌ഫോമില്‍ എത്തിയിരുന്നു. മന്ത്രി എത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ പാഞ്ഞടുത്തത്.

സമരക്കാരാണ് മന്ത്രിയെ ആക്രമിച്ചതെന്ന് സംഭവത്തിനു ശേഷം സ്പീക്കര്‍ പറഞ്ഞു. പ്രതിഷേധിക്കാം പക്ഷേ കയ്യേറ്റം ചെയ്യാന്‍ പാടില്ല. മന്ത്രിയെ കയ്യേറ്റം ചെയ്യുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ കഴുത്തിനു ഗുരുതരമായ പരുക്കുണ്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. വനിതാ മന്ത്രിക്ക് നേരെ ഇത്രയും നിഷ്ഠൂരമായ ആക്രമണം ഉണ്ടായിട്ടില്ല. പ്രതിഷേധം പലതും കേരളം കണ്ടിട്ടുണ്ട്. ഒരു മന്ത്രിയെ കായികമായി പരുക്കേല്‍പ്പിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. യൂത്ത് കോണ്‍ഗ്രസ് മന്ത്രിയുടെ വീട്ടില്‍ റീത്ത് വച്ചതാണ്. അതിന്റെ തുടര്‍ച്ചയായാണോ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും കെ കെ രാഗേഷ് പറഞ്ഞു.

മന്ത്രിയെ കൊല്ലാന്‍ ശ്രമിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞുള്ള ആക്രമണമാണ് ഇതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം കണ്ണൂരില്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്. പി. ജയരാജന്‍, കെ.കെ. രാഗേഷ്, ടി.വി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം. എസ്എഫ്‌ഐ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയങ്ങാടിയിലും പ്രതിഷേധ പ്രകടനം നടക്കുകയാണ്.