കൊല്ലത്ത് അരുംകൊല; നൃത്തം ചെയ്യുന്നതിനിടെ കാലിൽ ചവിട്ടി എന്നാരോപിച്ച്‌ 19കാരനെ അഞ്ചംഗ സംഘം കുത്തിക്കൊന്നു

കൊല്ലത്ത് അരുംകൊല; നൃത്തം ചെയ്യുന്നതിനിടെ കാലിൽ ചവിട്ടി എന്നാരോപിച്ച്‌ 19കാരനെ അഞ്ചംഗ സംഘം കുത്തിക്കൊന്നു



കൊല്ലം: ഉത്സവാഘോഷത്തിൽ ഫ്‌ലോട്ടിനു മുന്നില്‍ നൃത്തം ചെയ്യുന്നതിനിടെ കാലിൽ ചവിട്ടി എന്നാരോപിച്ച്‌ 19കാരനെ കുത്തിക്കൊന്നു. കൊട്ടിയൂര്‍ മുഖത്തല കിഴവൂര്‍ സജീവ് മന്ദിരത്തില്‍ പരേതനായ സജീവിന്റെ മകന്‍ അമ്പാടി എന്ന തേജസിനെ(19) ആണ് അഞ്ചംഗ സംഘം കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ കിഴവൂര്‍ സ്വദേശികളായ ടുട്ടു എന്ന ആദിത്യന്‍ (19), വിനു (26), പ്രിജിത്, അഖില്‍രാജ് (29) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത 2 പേരുമാണ് പിടിയിലായത്.

മുഖത്തല കിഴവൂർ ചെമ്പകശ്ശേരി ക്ഷേത്രോത്സവത്തിനിടെ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കെട്ടുകാഴ്ചയിലെ ഫ്ലോട്ടിന് മുൻപിൽ നൃത്തം ചെയ്യുന്നതിനിടെ കാലിൽ ചവിട്ടി എന്നാരോപിച്ചാണ് തേജസിനെ പ്രതികൾ കുത്തിക്കൊന്നത്. അറിയാതെയാണ് തേജസ് ചവിട്ടിയത്. പ്രകോപിതരായ പ്രതികൾ തേജസിനെ വളഞ്ഞിട്ട് ആക്രമിച്ചു. കൈവശം വെച്ചിരുന്ന കത്തിയെടുത്ത് തേജസിന്റെ ഇടുപ്പിലും വയറ്റിലും കുത്തി.

കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന ബോക്‌സുകള്‍ ഘടിപ്പിച്ച ഫ്‌ലോട്ടില്‍ എല്‍ഇഡി കളര്‍ ലൈറ്റുകളും ഉണ്ടായിരുന്നതിനാല്‍ തേജസിനെ കുത്തുന്നതും നിലവിളിയും ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. കുത്തിയ പ്രതികള്‍ സ്ഥലത്തു നിന്ന് മുങ്ങി. നൃത്തം ചെയ്യുന്നതിനിടെ റോഡില്‍ വീണതാകാം എന്ന ധാരണയില്‍ ഫ്‌ലോട്ട് കടന്നു പോയ ശേഷം ചിലര്‍ തേജസിനെ റോഡരികിലേക്ക് നീക്കി കിടത്തി. അവിടെയെത്തിയ തേജസിന്റെ സഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. രാത്രി 11.30ഓടെ തേജസ് മരിച്ചു.

അഖിൽരാജിന്റെ വീട്ടിൽനിന്നാണ് എല്ലാ പ്രതികളെയും പൊലീസ് പിടികൂടിയത്. സംഭവത്തിൽ അഖിൽ രാജ് നേരിട്ട് ഇടപെട്ടിട്ടില്ല. എന്നാൽ പ്രതികൾക്ക് അഭയം നൽകിയതിന് അഖിൽരാജിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ ജുവനൈൽ കോടതിയിലും ഹാജരാക്കി.