ആലക്കോട് വാടക ക്വാർട്ടേഴ്സിൽ ഇരിട്ടി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
ആലക്കോട്:ആലക്കോട് ടൗണിലെ വാടക ക്വാർട്ടേഴ്സ് മുറിയിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി കിളിയന്തറ സ്വദേശിയും ഇപ്പോൾ മാട്ടറയിൽ താമസക്കാരനുമായ പുത്തൻപുരയ്ക്കൽ എം. ബിജു മാനുവൽ (46) ആണ് മരിച്ചത്. ആലക്കോട് ടൗണിലെ വിവ ടെക്സ്റ്റൈൽസിലെ ജീവനക്കാരനായിരുന്നു ബിജു.ആലക്കോട് പഞ്ചായത്ത് ബസ്സ്റ്റാന്റ് റോഡിൽ കെ.എസ്.എഫ്.ഇക്ക് സമീപത്തെ സ്വകാര്യ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു ബിജു. കഴിഞ്ഞ രണ്ട് ദിവസമായി ബിജുവിനെ പുറത്തു കാണാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് എത്തി വാതിൽ തുറന്നപ്പോഴാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
