കോഴിക്കോട് മെഡിക്കൽ കോളേജിൽ 4.5 കോടിയുടെ നവകേരള സദസ് പദ്ധതികൾ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിന്റെ ചികിത്സാ നിലവാരവും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുന്നതിന്റെ ഭാഗമായി 4.5 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നോർത്ത് എം.എൽ.എ ശ്രീ. തോട്ടത്തിൽ രവീന്ദ്രനാണ് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചത്. നവകേരള സദസ്സ് പദ്ധതികളുടെ ഭാഗമായാണ് ഈ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.
ആശുപത്രിയുടെ അടിയന്തിര-ശസ്ത്രക്രിയ വിഭാഗങ്ങൾ ശക്തിപ്പെടുത്തുന്നതിനായി നിരവധി അത്യാധുനിക ഉപകരണങ്ങളാണ് പുതുതായി സജ്ജീകരിച്ചിരിക്കുന്നത്. മെഡിസിൻ വിഭാഗത്തിനായി ആറ് അത്യാധുനിക വെന്റിലേറ്ററുകളും, ന്യൂറോമെഡിസിൻ വിഭാഗത്തിനായി ഒരു പോർട്ടബിൾ വെന്റിലേറ്ററും, പീഡിയാട്രിക്‌സ് വിഭാഗത്തിനായി UHD 4K ലാപറോസ്കോപിക് ഉപകരണവും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ജനറൽ സർജറി വിഭാഗത്തിനായി പോഡിയാ സ്കാനും പ്രവർത്തനസജ്ജമാക്കി.
ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ വിഭാഗത്തിലെ നവീകരണ പ്രവർത്തനങ്ങൾ, മലിനജല നിർമാർജനത്തിനായി പുതിയ എസ്.ടി.പി പൈപ്പ് ലൈൻ (PWD), മെഡിക്കൽ റെക്കോർഡ് ലൈബ്രറിക്കായുള്ള (MRL) പുതിയ കെട്ടിടം എന്നിവയും ഈ വികസന പദ്ധതിയുടെ ഭാഗമാണ്. സി-ആം മൊബൈൽ ഇമേജ് ഇൻറൻസിഫയർ, പത്തോളജി വിഭാഗത്തിനുള്ള മൈക്രോട്ടോം ഉപകരണങ്ങൾ എന്നിവ നേരത്തെ തന്നെ പ്രവർത്തനമാരംഭിച്ചിരുന്നു.
ആശുപത്രി പ്രിൻസിപ്പാൾ ഡോ. കെ.ജി സജിത്ത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൂപ്രണ്ട് ശ്രീജയൻ, വൈസ് പ്രിൻസിപ്പാൾ ഡോ. രഞ്ജിനി കോട്ടഞ്ചേരി, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ സീന കെ എന്നിവരും പങ്കെടുത്തു. ഈ പദ്ധതികൾ മെഡിക്കൽ കോളേജിന്റെ സേവന നിലവാരം ഗണ്യമായി ഉയർത്തുമെന്ന് എം.എൽ.എ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി
