പശ്ചിമേഷ്യൻ യുദ്ധവും ഹോർമുസിലെ പ്രതിസന്ധിയും, കുവൈത്ത് കിരീടാവകാശിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി
പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം വഷളാകുന്ന പശ്ചാത്തലത്തിൽ കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹുവുമായി ടെലിഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച മോദി, സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത അറിയിച്ചു. ആഗോള വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഇരുരാജ്യങ്ങളും ചർച്ച ചെയ്തു. ഗൾഫ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കി ഹോർമുസ് മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ സംയുക്തമായി നേരിടാനാണ് ഇന്ത്യയുടെ നീക്കം. മേഖലയിലെ സ്ഥിരത ഉറപ്പാക്കാൻ കുവൈത്തുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. വരാനിരിക്കുന്ന ഈദ് ആഘോഷത്തിന് പ്രധാനമന്ത്രി ആശംസകളും നേർന്നു.</p><h2><strong>യു എ ഇയുമായി ഇന്നലെ ചർച്ച നടത്തി</strong></h2><p>ഇന്നലെ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ സംസാരിച്ചിരുന്നു. പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധ സാഹചര്യം ചർച്ച ചെയ്ത പ്രധാനമന്ത്രി, സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ തുടരുമെന്ന് വ്യക്തമാക്കി. നിഷ്കളങ്കരായ മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുത്തുന്നതും സിവിൽ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതുമായ എല്ലാത്തരം ആക്രമണങ്ങളെയും ഇന്ത്യ ശക്തമായി അപലപിക്കുന്നതായി മോദി അറിയിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനെ 'സഹോദരൻ' എന്ന് വിശേഷിപ്പിച്ചുകൊണ്ട് എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യു എ ഇ പ്രസിഡന്‍റിനും ജനതക്കും പെരുന്നാൾ ആശംസകൾ നേർന്നതായും പ്രധാനമന്ത്രി അറിയിച്ചിരുന്നു.