കോഴിക്കോട് കാപ്പാട് കടപ്പുറത്തും പരപ്പനങ്ങാടിക്ക് സമീപം ചെട്ടിപ്പടിയിലുമാണ് മാസപ്പിറവി കണ്ടത്.

സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ; കാപ്പാട് മാസപ്പിറവി ദൃശ്യമായി



കോഴിക്കോട്: ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ നാളെ (മാർച്ച് 20, വെള്ളിയാഴ്ച) ചെറിയ പെരുന്നാൾ ആഘോഷിക്കും (Kerala Eid 2026). കോഴിക്കോട് കാപ്പാട് കടപ്പുറത്തും പരപ്പനങ്ങാടിക്ക് സമീപം ചെട്ടിപ്പടിയിലുമാണ് മാസപ്പിറവി കണ്ടത്.ഇതോടെ മുപ്പത് ദിവസത്തെ വ്രതശുദ്ധി പൂർത്തിയാക്കി വിശ്വാസികൾ നാളെ ഈദുൽ ഫിത്തർ ആഘോഷിക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി തുടങ്ങിയ ഖാദിമാർ പെരുന്നാൾ പ്രഖ്യാപിച്ചു.കാപ്പാട്, ചെട്ടിപ്പടി എന്നിവിടങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്.

സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും നാളെ (വെള്ളിയാഴ്ച) തന്നെയാണ് പെരുന്നാൾ ആഘോഷിക്കുന്നത്. അവിടെ ബുധനാഴ്ച മാസപ്പിറവി കാണാത്തതിനെത്തുടർന്ന് റമദാൻ 30 പൂർത്തിയാക്കിയാണ് വെള്ളിയാഴ്ച ഈദ് നിശ്ചയിച്ചത്.സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ചില ഗൾഫ് രാജ്യങ്ങളിൽ ഈദ് ഗാഹുകൾക്ക് നിയന്ത്രണമുണ്ടെങ്കിലും കേരളത്തിൽ പള്ളികളിലും ഈദ് ഗാഹുകളിലും വിപുലമായ പെരുന്നാൾ നമസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

വിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാനങ്ങളിലൂടെ കൈവരിച്ച ആത്മീയ ചൈതന്യം കാത്തുസൂക്ഷിക്കാനും സാഹോദര്യത്തിന്റെ സന്ദേശം പകർന്നുനൽകാനും ഖാദിമാർ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

Story Summary: