ഈദ്, നൗറൂസ് ആശംസകള്‍ നേര്‍ന്ന് ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി; പശ്ചിമേഷ്യന്‍ സാഹചര്യങ്ങളെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു

ഈദ്, നൗറൂസ് ആശംസകള്‍ നേര്‍ന്ന് ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി; പശ്ചിമേഷ്യന്‍ സാഹചര്യങ്ങളെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു



ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈദ്, നൗറൂസ് ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചത്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് മോദി പെസെഷ്‌കിയാനുമായി ചര്‍ച്ച ചെയ്തു. ഈ ആഘോഷവേള പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും ഐശ്വര്യവും കൊണ്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചതായി പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മേഖലയിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ പ്രധാനമന്ത്രി സംഭാഷണത്തിനിടെ ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ചുവെന്നും മോദി പ്രസ്താവനയില്‍ പറയുന്നു. ഇത് പ്രാദേശിക സ്ഥിരതയെ തകര്‍ക്കുകയും ആഗോള വിതരണ ശൃംഖലയെ തടസപ്പെടുത്തുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാന സമുദ്രപാതകളിലൂടെയുള്ള ആഗോള വ്യാപാരം തടസമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും മോദി ഊന്നിപ്പറഞ്ഞു. കപ്പല്‍ പാതകള്‍ തുറന്നതായി സംരക്ഷിക്കേണ്ടതിന്റെയും സമുദ്രപാതകള്‍ സുരക്ഷിതമായി നിലനിര്‍ത്തേണ്ടതിന്റെയും പ്രാധാന്യം ആവര്‍ത്തിച്ചുവെന്നും പ്രധാനമന്ത്രി മോദി അറിയിച്ചു.

ഫെബ്രുവരി 28 ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം പ്രധാനമന്ത്രിയും ഇറാന്‍ പ്രസിഡന്റും തമ്മിലുള്ള രണ്ടാമത്തെ ടെലിഫോണിക് സംഭാഷണമാണിത്. ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരം ഇറാന്‍ ഭീഷണിപ്പെടുത്തി നിയന്ത്രിച്ചതോടെ രാജ്യത്ത് ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമായ ഘട്ടത്തില്‍ ഹോര്‍മൂസ് കടലിടുക്കിലൂടെ ഇന്ത്യന്‍ പതാക വഹിച്ചുള്ള രണ്ട് കപ്പലുകളെ ഇറാന്‍ കടത്തിവിട്ടിരുന്നു.

ഇസ്രയേല്‍ – ഇറാന്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ഉപരോധങ്ങളില്‍ യുഎസ് താല്‍ക്കാലിക ഇളവ് വരുത്തിയതോടെ, ഇറാനില്‍ നിന്ന് വീണ്ടും എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ റിഫൈനറികള്‍ പദ്ധതിയിടുന്നുണ്ട്. ഏഷ്യയിലെ മറ്റ് രാജ്യങ്ങളും സമാനമായ നീക്കത്തിനായി ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ഇന്ത്യന്‍ റിഫൈനറികള്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുമെന്ന് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പേയ്മെന്റ് നിബന്ധനകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെയും യുഎസിന്റെയും വ്യക്തതയ്ക്കായി അവര്‍ കാത്തിരിക്കുകയാണ്. കടലിലുള്ള ഇറാനിയന്‍ എണ്ണ വാങ്ങുന്നതിനായി ട്രംപ് ഭരണകൂടം 30 ദിവസത്തെ ഇളവ് അനുവദിച്ചതായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് അറിയിച്ചു. മാര്‍ച്ച് 20നോ അതിനുമുമ്പോ കപ്പലുകളില്‍ കയറ്റിയ എണ്ണ ഏപ്രില്‍ 19നകം ഇറക്കുമതി ചെയ്യാനാണ് അനുമതി. ഏകദേശം 170 ദശലക്ഷം ബാരല്‍ ഇറാനിയന്‍ ക്രൂഡ് ഓയില്‍ നിലവില്‍ കടലില്‍ വിവിധ കപ്പലുകളിലായി ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.