
ശിവമോഗ: കർണാടകയിലെ തവരേകോപ്പ ലയൺ ആൻഡ് സഫാരി മൃഗശാലയിൽ വെറ്ററിനറി ഡോക്ടറെ ഹിപ്പോപ്പൊട്ടാമസ് കടിച്ചു കൊന്നു (Hippo Attack Shivamogga Zoo). കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന 27കാരിയായ ഡോ. സമീക്ഷ റെഡ്ഡിയാണ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. ഗർഭിണിയായ ഹിപ്പോപ്പൊട്ടാമസിനെ പരിശോധിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.
വ്യാഴാഴ്ച രാത്രി 11:45-ഓടെയാണ് സംഭവം. ഒരു സൺ കൊനൂർ പക്ഷിയെ പരിശോധിച്ച ശേഷം ഗർഭിണിയായ ഹിപ്പോപ്പൊട്ടാമസിന്റെ ആരോഗ്യം വിലയിരുത്താൻ തെർമൽ ക്യാമറയുമായി എത്തിയതായിരുന്നു ഡോക്ടർ. ഈ സമയത്ത് ഹിപ്പോപ്പൊട്ടാമസ് അപ്രതീക്ഷിതമായി ഡോക്ടറെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും വെള്ളിയാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തെ അതീവ ദൗർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച കർണാടക വനമന്ത്രി ഈശ്വർ ഖാൻദ്രെ, ഡോക്ടറുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മുതിർന്ന വെറ്ററിനറി ഡോക്ടർമാരുടെ സംഘത്തോട് ഏഴ് ദിവസത്തിനകം വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ഉത്തരവിട്ടു.
മൃഗങ്ങളെ പരിശോധിക്കുമ്പോൾ വെറ്ററിനറി ഡോക്ടർമാരും ജീവനക്കാരും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ (SOP) പാലിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഈ ദാരുണമായ സംഭവം മൃഗശാലാ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള വലിയ ആശങ്കകളാണ് ഉയർത്തുന്നത്
