കെ സുധാകരന്‍ സൃഷ്‌ടിച്ച 'ഭൂകമ്പം', കോണ്‍ഗ്രസിന് പേരാവൂരില്‍ ചങ്കിടിപ്പ്; സണ്ണി ജോസഫിന് തിരിച്ചടിയാകുമോ?


കെ സുധാകരന്‍ സൃഷ്‌ടിച്ച 'ഭൂകമ്പം', കോണ്‍ഗ്രസിന് പേരാവൂരില്‍ ചങ്കിടിപ്പ്; സണ്ണി ജോസഫിന് തിരിച്ചടിയാകുമോ?


ഇരിട്ടി : കണ്ണൂര്‍ നിയമസഭ സീറ്റിനായുള്ള മുതിര്‍ന്ന നേതാവ് കെ സുധാകരന്‍റെ വിട്ടുവീഴ്‌ചയില്ലാത്ത നീക്കം കോണ്‍ഗ്രസിനെ ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയത് പേരാവൂരില്‍. കെ സുധാകരന് കണ്ണൂരില്‍ സീറ്റ് നല്‍കണം എന്നാവശ്യപ്പെട്ട് പരസ്യമായി കോണ്‍ഗ്രസ് അണികള്‍ രംഗത്തിറങ്ങിയ മണ്ഡലമാണ് പേരാവൂര്‍. സിറ്റിംഗ് എംഎല്‍എയും കെപിസിസി പ്രസിഡന്‍റുമായ അഡ്വ. സണ്ണി ജോസഫാണ് നിലവില്‍ പേരാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി. കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല എന്ന് ഉറപ്പായതോടെ, പേരാവൂരില്‍ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രതീക്ഷകളെ ഇത് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ബലപ്പെടുകയാണ്.സുധാകരന്‍റെ നീക്കം; കുലുങ്ങി കണ്ണൂര്‍ മുതല്‍ പോരാവൂര്‍ വരെ പടിഞ്ഞാറ് പയ്യാമ്പലം മുതല്‍ കിഴക്ക് പേരാവൂര്‍ വരെ ഇപ്പോഴും ശക്തമായ അണിവൃന്ദമുണ്ട് കെ സുധാകരന്. കണ്ണൂരിലെ ഏറ്റവും ഫയര്‍-ബാന്‍ഡ് കോണ്‍ഗ്രസ് നേതാവ് എന്ന വിശേഷണമുള്ള കെ സുധാകരനായി പേരാവൂരില്‍ അണികള്‍ പരസ്യ പ്രതികരണത്തിന് മുതിര്‍ന്നതും ഇതുകൊണ്ടുതന്നെ. യുഡിഎഫിന്‍റെ ഉറച്ച മണ്ണായി ആഴ്‌ചകള്‍ക്ക് മുമ്പുവരെ കണക്കാക്കിയിരുന്ന പേരാവൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ ടീച്ചറുടെ വരവോടെ തീപാറും പോരിന് വേദിയായിക്കഴിഞ്ഞു. 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ സ്റ്റാര്‍-പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പേരാവൂര്‍. ശൈലജ ടീച്ചര്‍ എല്‍ഡിഎഫിന്‍റെയും സിപിഎമ്മിന്‍റെയും പ്രധാന പേരുകാരി മാത്രമല്ല, പേരാവൂരിലെ മുന്‍ എംഎല്‍എ കൂടിയാണ്.ഇതിനിടെയാണ്, കോണ്‍ഗ്രസ് ക്യാംപിനെയാകെ പിടിച്ചുകുലുക്കി കെ സുധാകരന്‍ കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ സ്വയം സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി മുന്നോട്ടുപോയത്. കെ സുധാകരന് സീറ്റ് നല്‍കില്ലെന്ന് കെപിസിസിയിലെ ഒരു വിഭാഗവും എഐസിസിയും ആദ്യം നിലപാടെടുത്തതോടെ പരസ്യ പ്രതികരണവുമായി കെഎസ് അണികള്‍ പേരാവൂരില്‍ രംഗത്തിറങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു. കെപിസിസി അധ്യക്ഷനും സിറ്റിംഗ് എംഎല്‍എയുമായ അഡ്വ. സണ്ണി ജോസഫിനെ കൃത്യമായി ലക്ഷ്യമിട്ടായിരുന്നു പേരാവൂരില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് അണികള്‍ സുധാകരനായി ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.പേരാവൂരില്‍ സുധാകര പക്ഷം ഇടയുമോ?മാറിയ രാഷ്‌ട്രീയ സാഹചര്യങ്ങള്‍, പുതിയ വോട്ടര്‍മാര്‍ എന്നിവ വരും നിയമസഭ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെങ്കിലും കേവലം 3,172 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമേ 2021-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ യുഡിഎഫിനുള്ളൂ. സിപിഎമ്മിന്‍റെ യുവമുഖം സക്കീര്‍ ഹുസൈനോട് ശക്തമായ പോരാട്ടത്തിനൊടുവിലാണ് സണ്ണി ജോസഫ് അന്ന് വിജയിച്ചത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് കോട്ടകള്‍ ഇളകുന്നത് പേരാവൂരില്‍ കണ്ടു. എന്നാല്‍ മണ്ഡലത്തിലെ മുന്‍ എംഎല്‍എ കൂടിയായ കെ കെ ശൈലജ ടീച്ചര്‍ എത്തിയതോടെ പേരാവൂര്‍ പോരാട്ടം കനക്കുമെന്ന് ഉറപ്പായി. ഇതിനിടെയാണ്, കണ്ണൂര്‍ നിയമസഭാമണ്ഡലം സീറ്റിനായുള്ള സുധാകരന്‍റെ നീക്കം പേരാവൂരിലടക്കം വലിയ ചര്‍ച്ചയായത്. തുടര്‍ച്ചയായ നാലാംവട്ടം നിയമസഭയിലെത്താന്‍ സണ്ണി ജോസഫ് കൊതിക്കുമ്പോള്‍ പേരാവൂരില്‍ സുധാകര പക്ഷം ഇടയുമോ എന്ന ആശങ്ക സജീവം. പേരാവൂര്‍ തിരിച്ചുപിടിക്കണമെങ്കില്‍ ശൈലജ ടീച്ചര്‍ക്ക് ഇടത് കോട്ടകളില്‍ ജീവന്‍ തിരിച്ചുകൊണ്ടുവരികയും വേണം.