
കൊഴിഞ്ഞാമ്പാറ: വേനൽചൂടിൽ കെട്ടിട നിർമാണ, റോഡ് നവീകരണ തൊഴിലാളികൾ ജോലി ചെയ്യുന്നത് സൂര്യാഘാത ഭീതിയിൽ.
അമിതചൂട് കണക്കിലെടുത്ത് തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സമയക്രമീകരണം സംബന്ധിച്ചു സർക്കാർ നിർദ്ദേശമുണ്ടെങ്കിലും ഇവയൊന്നും പാലിക്കപ്പെടാറില്ല. പൊരിവെയിലത്തും പണിയെടുക്കേണ്ട ഗതികേടിലാണ് തൊഴിലാളികൾ.
ഇത്തരത്തിൽ പണചെയ്യുന്നവർക്ക് തലയിൽ ചൂടേൽക്കാതിരിക്കാൻ തൊപ്പിയോ കൈയുറകളും നൽകാറില്ല. ഇത്തരത്തിൽ പണിയെടുക്കുന്നതിലധികവും ഇതരസംസ്ഥാന തൊഴിലാളികളാണ്.
ജോലിസ്ഥലത്ത് ഇവർക്ക് ആവശ്യമായ കുടിവെള്ളം ലഭിക്കുന്നില്ലെന്നതും ഗൗരവമേറിയ ആരോപണമായിരിക്കുകയാണ്. വേനൽച്ചൂട് അസഹനീയമായിട്ടും അധികൃതർ കണ്ണുതുറക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഉച്ചസമയങ്ങളിൽ യാത്രക്കാരില്ലാതെയാണ് സ്വകാര്യബസുകളുടെ സഞ്ചാരം.
