പാചകവാതക ക്ഷാമം തുടരുന്നതിനിടെ വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന് 195.50 രൂപ വര്‍ധിപ്പിച്ചു; പുതുക്കിയ വില പ്രാബല്യത്തിൽ

പാചകവാതക ക്ഷാമം തുടരുന്നതിനിടെ വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന് 195.50 രൂപ വര്‍ധിപ്പിച്ചു; പുതുക്കിയ വില പ്രാബല്യത്തിൽ



ന്യൂഡൽഹി: പാചകവാതക ക്ഷാമം തുടരുന്നതിനിടെ വീണ്ടും ഇരുട്ടടി. എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 195.50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അഞ്ച് കിലോ ഭാരം വരുന്ന ചെറിയ സിലിണ്ടറുകളുടേയും വില കൂട്ടി. 51 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ എല്‍പിജി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വില കുത്തനെ കൂട്ടിയിരിക്കുന്നത്.

പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. എൽപിജിക്ക് പുറമെ പ്രീമിയം പെട്രോളിൻ്റെയും ഡീസലിൻ്റെയും വിലയിലും വർധന വരുത്തിയിട്ടുണ്ട്. ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. ഡൽഹിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോൾ 2078.50 രൂപയായി വർധിച്ചു. തിരുവനന്തപുരത്ത് 1,912 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വില. കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഹോട്ടൽ മേഖലയ്ക്ക് പുതിയ നിരക്ക് വലിയ തിരിച്ചടിയാകും.

സിലിണ്ടറുകളുടെ ലഭ്യതക്കുറവിനൊപ്പം വില വര്‍ധനവും കൂടിയുണ്ടായതോടെ ഹോട്ടല്‍ ഭക്ഷണത്തിന് ചിലവേറാനും സാധ്യതയുണ്ട്. കൊല്‍ക്കത്തയില്‍ വലിയ സിലിണ്ടറുകളുടെ വിലയില്‍ 218 രൂപയുടെ വരെ വര്‍ധന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഗ്യാസ് ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് പല ഹോട്ടലുകളും വിറകടുപ്പിനെ ആശ്രയിക്കുന്ന നിലയുണ്ട്. എന്നാല്‍ വിറകിന്റെ വിലയും കുതിച്ചുയര്‍ന്നതോടെ ഹോട്ടല്‍ മേഖല ആകെ ഞെരുക്കത്തിലാണ്.