
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് ഏപ്രില്‍ 28-ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. 52 ദലിത് സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച 'നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍' ആണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. നിതിന്‍ രാജിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്ന് സംശയിക്കുന്ന തരത്തിലുള്ള ദുരൂഹതകള്‍ മരണത്തിലുണ്ടെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.
മെഡിക്കല്‍ കോളജിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ചുവെന്ന് പറയുന്ന സ്ഥലത്ത് രക്തപ്പാടുകളോ, അത്രയും ഉയരത്തില്‍ നിന്ന് വീഴുമ്പോഴുണ്ടാകുന്ന ആഘാതങ്ങളോ നിതിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ദലിത് ചിന്തകന്‍ സണ്ണി എം. കപ്പിക്കാട് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കോളജ് അധികൃതര്‍ നിരന്തരം നുണകള്‍ പ്രചരിപ്പിക്കുന്നത് കേസ് വഴിതിരിച്ചുവിടാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍:
ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം: നിലവിലെ പോലീസ് അന്വേഷണം തികഞ്ഞ പരാജയമാണ്. അതുകൊണ്ട് തന്നെ ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേസ് അന്വേഷിക്കണം.
ഡോക്ടര്‍മാരുടെ അറസ്റ്റ്: ഒളിവില്‍ കഴിയുന്ന പ്രതികളായ ഡോ. റാം, ഡോ. സംഗീത എന്നിവരെ ഉടന്‍ അറസ്റ്റ് ചെയ്യണം. പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണം.
അഫിലിയേഷന്‍ റദ്ദാക്കല്‍: ഒരു ദലിത് വിദ്യാര്‍ത്ഥിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കണം.
നഷ്ടപരിഹാരം: മരണപ്പെട്ട വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണം.
ലോണ്‍ ആപ്പ് തട്ടിപ്പുകാരെ പിടികൂടാന്‍ നോയിഡ വരെ പോയ പോലീസ്, കുറ്റക്കാരായ ഡോക്ടര്‍മാരെ പിടികൂടാന്‍ വൈകുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കുറ്റപ്പെടുത്തി. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതര്‍ തുടരുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ തുടരുമെന്നും സമിതി മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ 28-ന് നടക്കുന്ന ഹര്‍ത്താലിന് എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയുണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചു.
