ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പുകള്‍ക്കിടെ മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള നിയമനിര്‍മാണത്തിനായി മൂന്ന് വിവാദ ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഭരണഘടനാ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയ ബില്‍, ഡല്‍ഹി, ജമ്മു-കശ്മീര്‍, പുതുച്ചേരി കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കായുള്ള പ്രത്യേക ബില്‍ എന്നിവയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ അവതരിപ്പിച്ചത്. ഇവ പാസാക്കുന്നതിനുള്ള വോട്ടെടുപ്പ് നാളെ വൈകീട്ട് നാലു മണിക്ക് നടക്കുമെന്ന് സ്പീക്കര്‍ ഓം ബിര്‍ല പറഞ്ഞു. മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് രാവിലെയാണ് തുടങ്ങിയത്. ബില്‍ അവതരിപ്പിക്കുന്നതിനെ പ്രതിപക്ഷം എതിര്‍ത്തിരുന്നു.
272 സീറ്റുകളില്‍ സ്ത്രീകള്‍ക്കായി സംവരണം
ലോക്സഭാ അംഗബലം 815 ആയി ഉയരുമെന്നും അതില്‍ 272 സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യുമെന്നും കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ഈ ക്വാട്ട നടപ്പാക്കുന്നതിലൂടെ പുരുഷന്മാര്‍ക്കോ ഏതെങ്കിലും സംസ്ഥാനത്തിനോ നഷ്ടം സംഭവിക്കില്ലെന്നും പറഞ്ഞു.
സ്ത്രീകളുടെ സംവരണനിയമം ഭേദഗതി ചെയ്യുന്നതിനും സീറ്റ് പുനര്‍നിര്‍ണയ കമ്മിഷന്‍ രൂപവത്കരിക്കുന്നതിനുമായി അവതരിപ്പിച്ച മൂന്ന് ബില്ലുകളില്‍ ലോക്സഭയില്‍ നടത്തിയ പ്രാരംഭ പ്രസംഗത്തിലാണ് 815 ല്‍ 272 സീറ്റുകള്‍ സ്ത്രീകള്‍ക്കായി 33 ശതമാനം സംവരണം ചെയ്യുന്ന ഫോര്‍മുല കേന്ദ്രം വ്യക്തമാക്കിയത്.
നിര്‍ദ്ദിഷ്ട ബില്ലുകള്‍ പാസാകുന്നതോടെ ലോക്സഭയുടെ നിലവിലെ അംഗബലത്തില്‍ 50 ശതമാനം വര്‍ദ്ധനവുണ്ടാകും. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതാക്വാട്ടയില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കും സംവരണം ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
'ഇതൊരു ചരിത്രപരമായ തീരുമാനമാണ്, ഇത് നടപ്പാക്കുന്നതോടെ സ്ത്രീകളുടെ തുല്യപങ്കാളിത്തം ഉറപ്പാക്കും, മേഘ്വാള്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് നിയമനിര്‍മ്മാണ സമിതികളില്‍ മതിയായ പങ്കാളിത്തം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ ചര്‍ച്ച. ഇത് നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭരണഘടനയുടെ ആമുഖത്തില്‍ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയനീതികളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, മുന്‍ സര്‍ക്കാരുകള്‍ ഈ ദിശയില്‍ മതിയായ ശ്രമങ്ങള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടനാ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയ ബില്‍, ഡല്‍ഹി, ജമ്മു-കശ്മീര്‍, പുതുച്ചേരി കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കായുള്ള പ്രത്യേക ബില്‍ എന്നീ മൂന്നു ബില്ലുകളായാണ് മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള നിയമനിര്‍മാണം സര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും നിയമസഭാ സീറ്റുകളുടെ പുനര്‍ നിര്‍ണയവും മണഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയവും ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമുള്ളതാണ് മണ്ഡല പുനര്‍നിര്‍ണയ ബില്‍-2026 എന്ന് ബില്ലിന്റെ ആമുഖത്തിലുണ്ട്.
ബില്ലുകള്‍ എം.പിമാര്‍ക്ക് നല്‍കാത്തത് പ്രതിപക്ഷം വിവാദമാക്കിയതിന് പിന്നാലെ ചൊവ്വാഴ്ച ഉച്ചയോടെ മൂന്നു ബില്ലുകളുടെ പകര്‍പ്പുകള്‍ എം.പിമാര്‍ക്ക് നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന മണ്ഡല പുനര്‍ നിര്‍ണയ കമീഷന്‍, 2011ലെ സെന്‍സസ് ആധാരമാക്കിയാണ് മണ്ഡലങ്ങളുടെ വലുപ്പവും അതിര്‍ത്തിയും പുനഃക്രമീകരിക്കുക. ഇതിനായി 2026ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്തി വനിത സംവരണം നടപ്പാക്കുമെന്ന 2023ലെ നിയമഭേദഗതി തിരുത്തി 2011ലെ സെന്‍സസ് ആധാരമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതിനുള്ള ഭേദഗതിയും ബില്ലിലുണ്ട്. ഭരണഘടനയുടെ 81ാം അനുച്ഛേദം ഭേദഗതി ചെയ്യുന്നതിനുള്ളതാണ് ഭരണഘടനാ ഭേദഗതി ബില്‍.
പ്രതിപക്ഷം എതിര്‍ത്താല്‍ ഭരണഘടനാ ഭേദഗതി പാസാവില്ല
തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ നിയമസഭാ വോട്ടെടുപ്പ് കഴിഞ്ഞ് ഏപ്രില്‍ 29നുശേഷം സര്‍വകക്ഷി യോഗം വിളിച്ച് ചര്‍ച്ച ചെയ്ത് ഈ ബില്ലുകള്‍ അവതരിപ്പിച്ചാല്‍ മതിയെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി ഇന്ന് പ്രത്യേകം പാര്‍ലമെന്റ് വിളിച്ചുചേര്‍ത്തിരിക്കുന്നത്. അതിനാല്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്താല്‍ ഭരണഘടനാ ഭേദഗതി പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം സര്‍ക്കാറിന് ലഭിക്കില്ല.
ബില്ലിനെ എതിര്‍ത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, എന്‍.കെ. പ്രേമചന്ദ്രന്‍, കെ. രാധാകൃഷ്ണന്‍, അഖിലേഷ് യാദവ് തുടങ്ങിയവരും അനുകൂലിച്ച് അമിത്ഷാ അടക്കമുള്ളവരും സംസാരിച്ചു. ഡിഎംകെ അംഗങ്ങള്‍ കറുത്ത വസ്ത്രം ധരിച്ചാണ് സഭയില്‍ എത്തിയത്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സത്ത തകര്‍ത്ത്, രാജ്യത്തെ തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വിഭജിക്കാനാണ് മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.
ഈ ബില്ല് പാസായാല്‍ രാജ്യത്തെ മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയിക്കാന്‍ സര്‍ക്കാരിന് കേവല ഭൂരിപക്ഷം മാത്രം മതിയാകുമെന്നതാണ് ഏറ്റവും വലിയ അപകടം. പാര്‍ലമെന്റിനെയോ പ്രതിപക്ഷത്തെയോ വിശ്വാസത്തിലെടുക്കാതെ മണ്ഡല പുനര്‍നിര്‍ണ്ണയം നടത്താനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഈ ബില്ലിലൂടെ സര്‍ക്കാര്‍ കൈക്കലാക്കുകയാണ്. അസമിലും ജമ്മു കശ്മീരിലും ഏകപക്ഷീയമായി മണ്ഡലങ്ങള്‍ വെട്ടിമാറ്റി രാഷ്ട്രീയ നേട്ടം കൊയ്ത രീതി രാജ്യവ്യാപകമാക്കാനാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2029-ലെ പൊതുതെരഞ്ഞെടുപ്പില്‍ വരാനിരിക്കുന്ന പരാജയത്തെ മറികടക്കാനുള്ള തന്ത്രമാണിത് -അദ്ദേഹം പറഞ്ഞു.
വനിതാ സംവരണത്തിന്റെ മറപിടിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് ബിജെപി വ്യാമോഹിക്കുന്നത്. കോണ്‍ഗ്രസ് വനിതാ സംവരണത്തിന് എതിരല്ല. 543 അംഗ പാര്‍ലമെന്റില്‍ മൂന്നിലൊന്ന് വനിതാ സംവരണം നടപ്പിലാക്കണമെന്ന് 2024-ല്‍ തന്നെ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആദ്യം സെന്‍സസ്, പിന്നീട് മണ്ഡല പുനര്‍നിര്‍ണ്ണയം, അതിനുശേഷം മാത്രം വനിതാ സംവരണം എന്ന നിബന്ധന കൊണ്ടുവന്നതിലൂടെ സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട വ്യക്തമായിരിക്കുകയാണ്.
രാജ്യത്തിന്റെ ജനാധിപത്യത്തെ ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമാണിത്. അതുകൊണ്ട് തന്നെ ഈ ബില്ലിനെ അംഗീകരിക്കാന്‍ കഴിയില്ല. പാര്‍ലമെന്റില്‍ വോട്ടെടുപ്പ് ആവശ്യപ്പെടുമെന്നും ഡിലിമിറ്റേഷന്‍ സംബന്ധിച്ച ഭാഗങ്ങള്‍ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇഡി, സിബിഐ തുടങ്ങിയ ഏജന്‍സികളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ഉപയോഗിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് സര്‍ക്കാര്‍. സുപ്രീം കോടതി റിട്ടയര്‍ഡ് ജഡ്ജിയും തെരഞ്ഞെടുപ്പ് കമ്മീഷണറും അടങ്ങുന്ന ഡിലിമിറ്റേഷന്‍ കമ്മീഷനെ നിശ്ചയിക്കുന്നത് സര്‍ക്കാര്‍ നേരിട്ടാണ്. കേവല ഭൂരിപക്ഷം ഉപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും മണ്ഡലങ്ങളുടെ അതിര്‍ത്തി മാറ്റാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതിലൂടെ വലിയ ചതിക്കുഴികളാണ് ബില്ലിലുള്ളത്. മണ്ഡല പുനര്‍നിര്‍ണ്ണയത്തില്‍ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ താല്പര്യങ്ങള്‍ ആരാണ് സംരക്ഷിക്കുക? നീതി ലഭിക്കേണ്ട സംസ്ഥാനങ്ങളോട് നിരന്തരമായ അവഗണനയാണ് കേന്ദ്രം കാണിക്കുന്നത്. 50 ശതമാനം സീറ്റ് വര്‍ധിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ബില്ലിലെ വ്യവസ്ഥകള്‍ മറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
