
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ശുചിമുറിയിൽ പ്രസവിച്ച് യുവതി. കുട്ടിയുടെ ശബ്ദം കേൾക്കാതിരിക്കാൻ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ് അമ്മയുടെ ക്രൂരത. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെയാണ് നാടിനെ നടുക്കിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കഥ.
വീയപുരം വെള്ളംകുളങ്ങര സ്വദേശിനിയായ പത്തൊൻപതുകാരിയാണ് പ്രസവവിവരം മറച്ചുവെച്ച് കുഞ്ഞിനോട് ഈ ക്രൂരത കാട്ടിയത്.
കഴിഞ്ഞ രാത്രി ഒൻപതരയോടെയാണ് യുവതിയെ ശക്തമായ വയറുവേദനയെത്തുടർന്ന് പിതാവിനും സഹോദരങ്ങൾക്കുമൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആർത്തവസംബന്ധമായ നടുവേദനയും വയറുവേദനയുമാണെന്നാണ് യുവതിയും വീട്ടുകാരും ഡോക്ടർമാരോട് പറഞ്ഞിരുന്നത്.
യുവതി പൂർണഗർഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവെ രാത്രി 12 മണിയോടെ യുവതി ശുചിമുറിയിൽ കയറി.
ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് സംശയം തോന്നിയ ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റർമാരും ഡോക്ടർമാരും അന്വേഷിച്ചെത്തിയപ്പോഴാണ് ശുചിമുറിയിൽ രക്തവാർച്ച കണ്ടത്. ഇതേസമയം തന്നെ ആശുപത്രി കെട്ടിടത്തിന് പുറകിൽ നിന്നും കുഞ്ഞിന്റെ കരച്ചിലും കേൾക്കുകയായിരുന്നു.
ശുചിമുറിയുടെ വെന്റിലേറ്റർ ജനലിലൂടെ കുഞ്ഞിനെ യുവതി പുറത്തേക്ക് എറിയുകയായിരുന്നു. വീണ സ്ഥലത്തിന് തൊട്ടടുത്ത് വലിയ കല്ലും ഇരുമ്പ് കമ്പിയുമൊക്കെ ഉണ്ടായിരുന്നെങ്കിലും, കുഞ്ഞ് കൃത്യമായി അതിന്റെ നടുവിലുള്ള മണ്ണിലേക്കാണ് വീണത്. പ്രസവത്തിന് ശേഷം കുഞ്ഞിന് മുലപ്പാൽ നൽകാൻ പോലും അമ്മ തയാറായില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
