
കോഴിക്കോട്: വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂം തുറന്നെന്ന പരാതിയുമായി യുഡിഎഫ് രംഗത്തെത്തിയത് കോഴിക്കോട് വെള്ളിമാടുകുന്നില്‍ നേരിയ സംഘര്‍ഷാവസ്ഥയ്ക്കും ആശയക്കുഴപ്പത്തിനും കാരണമായി. കോഴിക്കോട് ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന ജെഡിടി ഇസ്ലാം കോളേജിലെ കേന്ദ്രത്തിലാണ് സംഭവം. എന്നാല്‍, വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂമല്ല, മറിച്ച് മറ്റ് പോളിംഗ് സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന മെറ്റീരിയല്‍ റൂമാണ് തുറന്നതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായാണ് മെറ്റീരിയല്‍സ് റൂം തുറന്നതെന്ന് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് റൂം തുറന്നതെന്നും ഇതില്‍ യാതൊരു വിധ ക്രമക്കേടും നടന്നിട്ടില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. മെറ്റീരിയല്‍ റൂം തുറന്നത് സ്‌ട്രോങ്ങ് റൂം തുറന്നതാണെന്ന് തെറ്റിദ്ധരിച്ചതാകാം യുഡിഎഫ് നേതാക്കളുടെ പരാതിക്ക് പിന്നിലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
വോട്ടിംഗ് മെഷീനുകളുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടായോ എന്ന ആശങ്ക പ്രകടിപ്പിച്ചാണ് യുഡിഎഫ് പ്രതിനിധികള്‍ പ്രതിഷേധവുമായി എത്തിയത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ വിശദീകരണത്തോടെ ആശയക്കുഴപ്പം പരിഹരിക്കപ്പെട്ടതായാണ് വിവരം. മെയ് നാലിന് വോട്ടെണ്ണല്‍ നടക്കാനിരിക്കെ സ്‌ട്രോങ്ങ് റൂമുകള്‍ക്ക് മൂന്നടുക്ക് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
