
കൊച്ചി: സംസ്ഥാനത്ത് പലയിടങ്ങളിലായി ശക്തമായ വേനല്‍മഴയും കാറ്റും. വയനാട്ടില്‍ മഴയ്ക്കൊപ്പം ആലിപ്പഴ വര്‍ഷവും ഉണ്ടായി. വൈകീട്ട് മൂന്ന് മണിയോടെയാണ് മഴ ആരംഭിച്ചത്. പാപ്ലശേരി മൂന്നാനക്കുഴി റോഡിന് കുറുകെ മരം വീണു. പാപ്ലശേരി, കവളമറ്റം മേഖലകളില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇടുക്കിയില്‍ ദേശീയപാത 85ന്റെ പാതയോരങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. മഴയ്‌ക്കൊപ്പം ശക്തമായ ഇടിയും മിന്നലും അനുഭവപ്പെട്ടു. നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്ത് ശക്തമായ മഴയാണ ലഭിച്ചത്. എറണാകുളം ജില്ലയുടെ വിവധഭാഗങ്ങളിലും കനത്ത മഴ ലഭിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് വിവിധ പാതകളില്‍ ഗതാഗത തടസ്സം അനുഭവപ്പെട്ടു.
എറണാകുളം മുവാറ്റുപുഴയിലും കനത്ത മഴയില്‍ മരങ്ങള്‍ കട പുഴകി. ആട്ടായത്താണ് മരങ്ങള്‍ കടപുഴകി വീണത്. ഇലക്ട്രിക് പോസ്റ്റുകളും പൊട്ടിവീണു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നും വീടിന് കേടുപാടുകള്‍ ഉണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. എറണാകുളം ജില്ലയില്‍ അതിശക്തമായ മഴയാണ് പെയ്തത്. ശക്തമായ കാറ്റില്‍ ആലുവയില്‍ മരങ്ങള്‍ കടപുഴകി. ചിലയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടായി. നഗരത്തിലും ശക്തമായ മഴ പെയ്തു. ഇടക്കൊച്ചി അരൂര്‍ ഹൈവേയില്‍ വൈദ്യുതി ലൈനിലേക്ക് തെങ്ങ് ഒടിഞ്ഞുവീണ് വൈദ്യുതി ബന്ധം തകരാറിലായി. പള്ളുരുത്തി മുതലുള്ള പ്രദേശങ്ങളിലാണ് വൈദ്യുതി ബന്ധം തകരാറിലായത്. ഇടക്കൊച്ചി സെന്റ്. ലോറന്‍സ് പള്ളിക്ക് സമീപമാണ് സംഭവം.
ഇടുക്കി ജില്ലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. വാളറ ഭാഗത്ത് നിരവധി പ്രദേശങ്ങളില്‍ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. തൊടുപുഴ നഗരത്തില്‍ മഴ അനുഭവപ്പെട്ടില്ലെങ്കിലും സമീപ പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. വയനാട്ടിലെ പൂതാടി പഞ്ചായത്തില്‍ ശക്തമായ കാറ്റും മഴയും ആലിപ്പഴ വര്‍ഷവും അനുഭവപ്പെട്ടു. മൂന്ന് മണിയോടെയാണ് കനത്ത മഴ പെയ്തത്. പാപ്ലശ്ശേരി, അഴീക്കോട് നഗര്‍ ഭാഗങ്ങളിലാണ് കനത്ത മഴ പെയ്തത്. ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
