‘സിനിമ എന്നെ ചതിച്ചു, ഒൻപത് കോടിയുടെ നഷ്ടം’; പൊട്ടിക്കരഞ്ഞ് നിർമ്മാതാവ് മുരളി കുന്നുംപുറത്ത്

‘സിനിമ എന്നെ ചതിച്ചു, ഒൻപത് കോടിയുടെ നഷ്ടം’; പൊട്ടിക്കരഞ്ഞ് നിർമ്മാതാവ് മുരളി കുന്നുംപുറത്ത് 



കൊച്ചി: ബിസിനസ്സിലും സിനിമയിലും താൻ നേരിട്ട വൻ ചതികളെക്കുറിച്ച് വിവരിച്ച് മുരളി കുന്നുംപുറത്ത് പങ്കുവെച്ച വീഡിയോ സിനിമാ ലോകത്തെ നടുക്കിയിരിക്കുകയാണ് (Murali Kunnumpurath). ‘നദികളിൽ സുന്ദരി യമുന’, ‘സുമതി വളവ്’ എന്നീ സിനിമകളിലൂടെ മാത്രം ഏകദേശം ഒൻപത് കോടിയോളം രൂപയുടെ നഷ്ടം തനിക്കുണ്ടായെന്നും കടക്കെണിയിലായ തനിക്ക് മരിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.

‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയുടെ സംവിധായകരായ ഉണ്ണി വെള്ളോറയും വിജേഷ് പാണത്തൂരും അസിസ്റ്റന്റ് ഡയറക്ടർമാരാണെന്ന് കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് തന്നെ ചതിച്ചുവെന്നും ആ സിനിമയിൽ രണ്ട് കോടി രൂപ നഷ്ടപ്പെട്ടുവെന്നും മുരളി ആരോപിക്കുന്നു.

‘സുമതി വളവ്’ എന്ന ചിത്രത്തിലൂടെ ഏഴ് കോടി രൂപയുടെ നഷ്ടമുണ്ടായി. തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയെയും വിഷ്ണുവിനെയും താൻ വിശ്വസിച്ചതാണ് പതനത്തിന് കാരണമായതെന്നും മുരളി പറയുന്നു. ടൈൽസ് ബിസിനസ്സിലും വിദേശത്തെ മലയാളി സുഹൃത്തുക്കളിൽ നിന്ന് വലിയ തുകകൾ കിട്ടാനുണ്ടെന്നും ആൾക്കാരെ വിശ്വസിച്ചതിലൂടെ ബിസിനസ് തകർന്നുപോയെന്നും അദ്ദേഹം വെളിപ്പെടുത്തി.

“എന്റെ മക്കളുടെയും ഭാര്യയുടെയും കൂടെ ജീവിച്ചിട്ട് കൊതി തീർന്നിട്ടില്ല. പക്ഷേ കടുത്ത കടബാധ്യതകൾ കാരണം പിടിച്ചുനിൽക്കാൻ പറ്റുന്നില്ല. കടക്കാർ എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല,” എന്ന് വീഡിയോയിൽ മുരളി പറയുന്നു. എല്ലാവരോടും മാപ്പ് ചോദിച്ചുകൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിച്ചത്.

വീഡിയോ ശ്രദ്ധേയമായതിന് പിന്നാലെ മുരളി തന്നെ ഇത് പേജിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ‘വെള്ളം’ എന്ന സിനിമയുടെ യഥാർത്ഥ കഥാപാത്രത്തിന്റെ പ്രചോദനം കൂടിയാണ് മുരളി കുന്നുംപുറത്ത്.

Story Summary: Murali Kunnumpurath, the producer of the movie ‘Vellam’, shared a heart-wrenching video on Facebook claiming he was betrayed in both business and cinema. He alleged that directors and scriptwriters of ‘Nadhikalil Sundari Yamuna’ and ‘Sumathi Valavu’ cheated him, leading to a loss of around ₹9 crore. Stating that he is in deep debt and contemplating suicide, he later deleted the video.