തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ വീഴ്ചയില്ലെന്ന് അറിയിക്കാന്‍ ഡിജിപി. ദേശീയ എസ്സി/ എസ്ടി കമ്മീഷന് മുന്നില്‍ ഡിജിപി നേരിട്ട് ഹാജരാകും. രേഖകള്‍ പ്രകാരം 18 വയസ് പൂര്‍ത്തിയായെന്നും രേഖകള്‍ വ്യാജമല്ലെന്ന് ഉറപ്പിച്ചെന്ന നിലപാടും അറിയിക്കുമെന്ന് ഡിജിപി വ്യക്തമാക്കി. പെണ്‍കുട്ടിയെ കാണാതായെന്ന പ്രചാരണം തെറ്റാണെന്നും കേരളത്തിലുണ്ടെന്നും പൊലീസ് നിരീക്ഷണം തുടരുന്നുവെന്നും ഡിജിപി അറിയിക്കും.
പൊലീസ് സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്നും അറിയിക്കാനാണ് ഡിജിപിയുടെ നീക്കം. ഡിജിപി നാളെയാണ് ഡല്‍ഹിയില്‍ ഹാജരാകുന്നത്. പതിനെട്ട് വയസ് പൂര്‍ത്തിയായെന്ന രേഖകള്‍ പൊലീസിലും തദേശ വകുപ്പിലും ഹാജരാക്കിയിരുന്നു. അവ വ്യാജമല്ലെന്ന് ഉറപ്പാക്കിയാണ് വിവാഹം നടത്തിയതെന്നാണ് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് മാതാപിതാക്കള്‍ ഫര്‍മാനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വര്‍ ഡിഎസ്പിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ നേരിട്ട് ഹാജരാകണമെന്ന് പൊലീസ് അറിയിച്ചിരുന്നു. അതേസമയം പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും ഉടന്‍ മധ്യപ്രദേശ് പൊലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍ അറിയിച്ചിരുന്നു.
അതേസമയം, കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും ഉടന്‍ പൊലീസിന് മുന്നില്‍ നേരിട്ട് ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ്. ഈ പരാതിയില്‍ നേരിട്ട് ഹാജരാകണമെന്ന് പൊലീസ് അറിയിക്കുകയും ചെയ്തു. പിന്നാലെയാണ് ഭാര്യ ഗര്‍ഭിണിയാണെന്നും യാത്ര ചെയ്യാന്‍ കഴിയില്ലെന്നും ഭര്‍ത്താവ് അറിയിച്ചത്. മധ്യപ്രദേശ് ഖര്‍ഗോണിലെ വനിത എസ്.ഐയെയാണ് വിവരം അറിയിച്ചത്. കേസില്‍ പെണ്‍കുട്ടിയെയും ഭര്‍ത്താവ് ഫര്‍മാനെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി മേയ് 20 വരെ നേരത്തെ തടഞ്ഞിരുന്നു.
മാര്‍ച്ച് 11 നാണ് പെണ്‍കുട്ടി തമ്പാനൂര്‍ പൊലീസില്‍ എത്തുന്നത്. പിതാവ് തന്നെ ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടുപോയി മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുന്നു വെന്നായിരുന്നു വാക്കാല്‍ പറഞ്ഞ പരാതി. തനിക്ക് കാമുകനൊപ്പം പോകണമെന്നും പെണ്‍കുട്ടി പറഞ്ഞു. 18 വയസും മൂന്ന് മാസവുമാണ് പ്രായമെന്ന് ബോധ്യപ്പെട്ടതോടെയാണ് പെണ്‍കുട്ടിയുടെ താല്‍പര്യപ്രകാരം വിട്ടയച്ചെന്നുമാണ് പൊലീസ് പറയുന്നത്. വിവാഹത്തിന് ഹാജരാക്കിയത് വ്യാജരേഖകളല്ലെന്നും വിവാഹം റജിസ്റ്റര്‍ ചെയ്ത പഞ്ചായത്തിന്റെയും അനുമതി കൊടുത്ത പൊലീസിന്റെയും നടപടികളില്‍ വീഴ്ചയില്ലെന്നുമാണ്‌കേരള പൊലീസ് പറയുന്നത്.
അതിനിടെ പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായെന്ന് വ്യക്തമാക്കുന്ന ജനന സര്‍ട്ടിഫിക്കറ്റ് മധ്യപ്രദേശ് സര്‍ക്കാര്‍ വിവാഹശേഷം റദ്ദാക്കിയതില്‍ ദുരൂഹത ഉണ്ടായിരുന്നു. 2025 ജൂണ്‍ 6നാണ് പെണ്‍കുട്ടിക്ക് മധ്യപ്രദേശിലെ പഞ്ചായത്ത് വകുപ്പ് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അതുനസരിച്ച് 2008 ജനുവരി 1 ആണ് ജനനതീയതി. അങ്ങിനെ വരുമ്പോള്‍ കല്യാണം നടന്ന മാര്‍ച്ച് 11ന് പതിനെട്ട് വയസും രണ്ട് മാസവും 11 ദിവസും പൂര്‍ത്തിയായിട്ടുണ്ട്.
ഈ ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പെണ്‍കുട്ടി ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും നേടിയത്. മധ്യപ്രദേശില്‍ വോട്ടവകാശവും ലഭിച്ചു. ഇതിലെല്ലാം പതിനെട്ട് വയസ് പൂര്‍ത്തിയായിട്ടുണ്ട്. അതേ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാണ് മാര്‍ച്ച് 11ന് തിരുവനന്തപുരത്തെ പൂവാര്‍ പഞ്ചായത്തില്‍ കല്യാണം റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കല്യാണം വിവാദമായതിന് പിന്നാലെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും കല്യാണത്തിന് പ്രായമായില്ലെന്ന് പറഞ്ഞ് വിവാഹം കഴിച്ചയാള്‍ക്കെതിരെ പോക്‌സോ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തത്.
