● നദിക്കരയിൽ കളിക്കുന്നതിനിടെ വെള്ളത്തിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കവെ മറ്റുള്ളവരും ഒഴുക്കിൽപെടുകയായിരുന്നു.
● മൈസൂരു ഉദയഗിരി, ബംഗ്ളൂരു എസ്‌ബിആർ ലേഔട്ട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരണപ്പെട്ടത്.
മൈസൂർ : മൈസൂരിൽ കെആർ നഗർ താലൂക്കിലെ അർകേശ്വരയിൽ കാവേരി നദിയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറ് പേരെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ അസ്വാഭാവിക മരണമെന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇരുപതോളം പേരടങ്ങുന്ന കുടുംബ സംഘമാണ് ദാരുണമായി അപകടത്തിൽപെട്ടത്.
മൈസൂരിൽ ഉദയഗിരി സ്വദേശികളായ കെ ഫാത്വിമ (42), ഹുസൈൻ (അഞ്ച്), ബംഗ്ളൂരിൽ എസ്ബിആർ ലേഔട്ടിൽ നിന്നുള്ള ഓട്ടോ റിക്ഷ ഡ്രൈവർ സി മുഹമ്മദ് യാസിൻ (23), ഭാര്യ നേഹ കൗസർ (19), ബംഗ്ളൂരിൽ കടുഗൊണ്ടനഹള്ളി സ്വദേശി എമ്മ ഐമാൻ (13), കെആർ നഗർ സ്വദേശി അഫീഫ് അഹമ്മദ് (13) എന്നിവരെയാണ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ സി മുഹമ്മദ് യാസിനും നേഹ കൗസറും അടുത്തിടെ വിവാഹിതരായ ദമ്പതികളാണെന്ന് ദേശീയ മാധ്യമ റിപ്പോർട്ട് ചെയ്തു.
അപകടം ദർഗ സന്ദർശനത്തിനിടെ
ഹലേ യെദത്തോറിലെ കാവേരി നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഹസ്രത്ത് ഖാദർ ലിംഗവലി ദർഗ സന്ദർശിക്കാനെത്തിയതായിരുന്നു ഈ സംഘമെന്ന് പോലീസ് അറിയിച്ചു. നദിക്കരയിൽ സമയം ചെലവഴിക്കുന്നതിനിടെ ഒരു കുട്ടി അബദ്ധത്തിൽ വെള്ളത്തിലേക്ക് വഴുതി വീഴുകയായിരുന്നു. വെള്ളത്തിൽ വീണ കുട്ടിയെ രക്ഷിക്കാൻ മറ്റുള്ളവർ നദിയിലേക്ക് ഇറങ്ങിയെങ്കിലും, എല്ലാവരും കാവേരി നദിയിലെ ശക്തമായ ഒഴുക്കിൽപെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ധനസഹായം പ്രഖ്യാപനം
നാടിനെ നടുക്കിയ സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കടുത്ത അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വിവരമറിഞ്ഞ് എംഎൽഎ ഡി രവിശങ്കർ, മൈസൂരിൽ നിന്നുള്ള പോലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി എന്നിവർ ദുരന്തം നടന്ന സ്ഥലം സന്ദർശിക്കുകയും പരിശോധനകൾ നടത്തുകയും ചെയ്തു. അവധി ദിവസങ്ങളിൽ നിരവധി പേർ എത്തുന്ന പ്രദേശത്ത് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം നാട്ടുകാർ ശക്തമാക്കിയിട്ടുണ്ട്
