ദൃശ്യങ്ങളുണ്ട്, തെളിവുമുണ്ട്, പക്ഷേ കള്ളനെ മാത്രം കിട്ടില്ല! പുനലൂരിൽ വീണ്ടും മോഷണ പരമ്പര; പൊലീസിനെതിരെ ജനരോഷം

കൊല്ലം: ഇടവേളയ്ക്ക് ശേഷം പുനലൂരിൽ വീണ്ടും മോഷണ പരമ്പര. കലയനാട് ചൂരോട് ഭാഗത്ത് മൂന്ന് വീടുകളിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. ചൂരോട് സ്വദേശികളായ ദീപു, സുഗുണൻ, പോൾ എന്നിവരുടെ വീടുകളിലായിരുന്നു മോഷണം. സുഗുണന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കും ദീപുവിന്റെ വീട്ടിലെ സൈക്കിളും മോഷ്ടാക്കൾ അപഹരിച്ചുവെങ്കിലും ശബ്ദം കേട്ടുണർന്ന സുഗുണൻ മോഷ്ടാക്കളെ കണ്ട് ബഹളം വെച്ചതോടെ ബൈക്കും സൈക്കിളും ഉപേക്ഷിച്ച് മോഷ്ടാക്കൾ കടന്നുകളഞ്ഞു.പോളിന്റെ വീടിന്റെ മുന്നിലെയും പിന്നിലെയും വാതിലുകൾ കുത്തിപ്പൊളിച്ച് ഉള്ളിൽ കയറിയ മോഷ്ടാക്കൾ ചെമ്പുപാത്രം കവർന്നു. മോഷ്ടാക്കൾ വീടുകൾക്ക് മുമ്പിൽ നിരീക്ഷണം നടത്തുന്നതും ബൈക്ക് കടത്തിക്കൊണ്ട് പോകുന്നതുമായ ദൃശ്യങ്ങൾ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. സ്ഥലത്തെ സ്ഥിരം മോഷ്ടാക്കളാണ് മോഷണ പരമ്പരക്ക് പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. വാളക്കോട് പ്രദേശത്ത് ഏതാനും മാസം മുമ്പ് വ്യാപകമായി മോഷണം നടത്തി സ്വർണമുൾപ്പെടെ കവർന്നവരെ പിടികൂടാൻ ഇതേവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. നഗരസഭയുടെ വടക്കുപടിഞ്ഞാറൻ മേഖലയായ മുസാവരി പ്രദേശത്ത് ആയുധധാരികളായ മോഷ്ടാക്കൾ ആഴ്ചകളോളം ഭീതിയുടെ മുൾമുനയിൽ നിർത്തിയത് ആറ് മാസം മുൻപാണ്. ഇവരെയും പിടികൂടാൻ സാധിച്ചില്ല.
ഒരുമാസം മുമ്പ് നഗരമധ്യത്തിലെ വ്യാപാര സമുച്ചയത്തിൽ രണ്ട് കടകളിലും എം.എൽ.എ റോഡിലെ സൈക്കിൾ വിൽപ്പനശാലയിലും മോഷണം നടന്നിരുന്നു. ഇവിടെ നിന്നെല്ലാം മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ലഭിച്ചിട്ടും ആരെയും അറസ്റ്റ് ചെയ്യാൻ ഇതേവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. പെട്രോളിങ്ങിലടക്കം പുനലൂർ പൊലീസ് വലിയ വീഴ്ച വരുത്തുന്നതായും അക്ഷേപമുണ്ട്.
