തൃശൂര്‍ കോടാലിയില്‍ പാമ്പു കടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ വീണ്ടും പാമ്പ്; ആല്‍ജോയുടെ മൃതദേഹം കൊണ്ടുവന്ന സമയത്ത് ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിന്‍ കുഞ്ഞിനെ കണ്ടു; എട്ടുവയസുകാരന്റെ 'മരണകാരണം ശംഖ് വരയന്റെ കടിയേറ്റത് തന്നെ'യെന്ന് പോസ്റ്റുമോര്‍ട്ടും റിപ്പോര്‍ട്ടും; വനത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് പാമ്പുകള്‍ പതിവെന്ന് നാട്ടുകാര്‍

തൃശൂര്‍ കോടാലിയില്‍ പാമ്പു കടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ വീണ്ടും പാമ്പ്; ആല്‍ജോയുടെ മൃതദേഹം കൊണ്ടുവന്ന സമയത്ത് ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിന്‍ കുഞ്ഞിനെ കണ്ടു; എട്ടുവയസുകാരന്റെ 'മരണകാരണം ശംഖ് വരയന്റെ കടിയേറ്റത് തന്നെ'യെന്ന് പോസ്റ്റുമോര്‍ട്ടും റിപ്പോര്‍ട്ടും; വനത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് പാമ്പുകള്‍ പതിവെന്ന് നാട്ടുകാര്‍


തൃശൂര്‍: കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. ആല്‍ജോയുടെ മൃതദേഹം കൊണ്ടുവന്ന സമയത്താണ് ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിന്‍ കുഞ്ഞിനെ കണ്ടത്. നാട്ടുകാര്‍ ഇതിനെ തല്ലിക്കൊന്നു. വനത്തോട് ചേര്‍ന്ന ഒറ്റനില വീട്ടിലാണ് പാമ്പുകയറിയതും കുട്ടിയെ കടിച്ചതും. കഴിഞ്ഞ ദിവസമാണ് കോടാലി സ്വദേശി ഫില്‍ജോയുടെ മകന്‍ ആല്‍ജോ പാമ്പ് കടിയേറ്റ് മരിച്ചത്. ആല്‍ജോ മരിച്ചത് ശംഖുവരയന്റെ കടിയേറ്റാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പാമ്പുകടിയേറ്റ ആല്‍ജോയുടെ സഹോദരന്‍ അനോജ് അപ്പോളോ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

പോലീസ് റിപ്പോര്‍ട്ട് തള്ളിയാണ് ഫോറന്‍സിക് സര്‍ജന്റെ റിപ്പോര്‍ട്ട്. ഭക്ഷ്യവിഷബാധയാണ് കുട്ടിക്ക് ഏറ്റതെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. അതേസമയം, എട്ടുവയസ്സുകാരന്റെ സംസ്‌കാരം ഇന്ന് നടക്കും. ആല്‍ജോയുടെ സംസ്‌കാര ചടങ്ങുകള്‍ വൈകുന്നേരം 3 മണിക്ക് തൃശൂര്‍ കൊടുങ്ങപള്ളിയിലാണ് നടക്കുക. അങ്കമാലി അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോജിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഇന്നലെ പുലര്‍ച്ചെയാണ് അബോധാവസ്ഥയില്‍ സഹോദരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ ഇവരുടെ കിടപ്പുമുറിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. വൈകിട്ട് ഒരു പരിപാടിയില്‍ പങ്കെടുത്ത് വീട്ടില്‍ മടങ്ങി എത്തിയ ശേഷം കുട്ടികള്‍ ജ്യൂസ് കഴിച്ചിരുന്നു. അതിനാലാകാം വയറുവേദന എന്ന് കരുതി ജീരകവെള്ളം തിളപ്പിച്ച് നല്‍കി. പിന്നീട് പുലര്‍ച്ചെ 5.30 ഓടെ രണ്ട് കുട്ടികളുടെയും വായില്‍ നിന്ന് നുരയും പതയും വരുന്നതാണ് കണ്ടത്. അപ്പോള്‍ തന്നെ കുട്ടികളുടെ പിതാവ് രണ്ടുപേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

ആശുപത്രിയില്‍ എത്തുമ്പോഴേക്കും അല്‍ജോ മരിച്ചിരുന്നു. ഭക്ഷ്യ വിഷബാധയല്ലെന്ന് ഡോക്ടര്‍ വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റു എന്ന് തിരിച്ചറിഞ്ഞത്. വീട്ടിലെത്തി വിശദമായ പരിശോധന നടത്തിയപ്പോള്‍ കുട്ടികള്‍ കിടന്നുറങ്ങിയ മുറിയില്‍ നിന്നും ഹാളിന്റെ പരിസരത്തേക്ക് പാമ്പ് ഇഴഞ്ഞു വരുന്നതാണ് കണ്ടത്.