'കാണുമ്പോള്‍ വീണാ ജോര്‍ജ് അവശയായിരുന്നു; ആയുധം കൊണ്ട് പരുക്കേറ്റതായി താന്‍ എവിടെയും പറഞ്ഞിട്ടില്ല; സഭാംഗം അവശയായി പ്ലാറ്റ്‌ഫോമില്‍ ഇരിക്കുമ്പോള്‍ വന്ദേ ഭാരതില്‍ കയറി പോകാന്‍ എനിക്ക് കഴിയുമായിരുന്നില്ല; വനിതാ മന്ത്രിക്ക് നേരെ നടന്ന സമരത്തില്‍ എന്തുകൊണ്ടാണ് കെ.എസ്.യു പെണ്‍കുട്ടികളെ പങ്കെടുപ്പിക്കാതിരുന്നത്; യുടേണ്‍ എടുത്ത് സ്പീക്കര്‍ എ എന്‍ ഷംസീറും

'കാണുമ്പോള്‍ വീണാ ജോര്‍ജ് അവശയായിരുന്നു; ആയുധം കൊണ്ട് പരുക്കേറ്റതായി താന്‍ എവിടെയും പറഞ്ഞിട്ടില്ല; സഭാംഗം അവശയായി പ്ലാറ്റ്‌ഫോമില്‍ ഇരിക്കുമ്പോള്‍ വന്ദേ ഭാരതില്‍ കയറി പോകാന്‍ എനിക്ക് കഴിയുമായിരുന്നില്ല; വനിതാ മന്ത്രിക്ക് നേരെ നടന്ന സമരത്തില്‍ എന്തുകൊണ്ടാണ് കെ.എസ്.യു പെണ്‍കുട്ടികളെ പങ്കെടുപ്പിക്കാതിരുന്നത്; യുടേണ്‍ എടുത്ത് സ്പീക്കര്‍ എ എന്‍ ഷംസീറും



കണ്ണൂര്‍: മന്ത്രി വീണാ ജോര്‍ജിന് എതിരായ ആക്രമണത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍. വീണ ജോര്‍ജ്ജ് പോലീസില്‍ മൊഴി നല്‍കിയതോടെയാണ് ഷംസീര്‍ വിശദീകരണവുമായി രംഗത്തുവന്നത്. മന്ത്രി വീണാ ജോര്‍ജിന് പരുക്ക് പറ്റിയിട്ടുണ്ടായിരുന്നു, അവര്‍ അവശയായിരുന്നു. ആയുധം കൊണ്ട് പരിക്കുപറ്റിയെന്ന് പറഞ്ഞിട്ടില്ലെന്ന് ഷംസീര്‍. ആയുധം കൊണ്ടാണ് പരുക്കെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഞാന്‍ കാണുമ്പോള്‍ ആരോഗ്യമന്ത്രി അവശയായിരുന്നു.

സഭാംഗം അവശയായി പ്ലാറ്റ്‌ഫോമില്‍ ഇരിക്കുമ്പോള്‍ വന്ദേ ഭാരതില്‍ കയറി പോകാന്‍ എനിക്ക് കഴിയുമായിരുന്നില്ല. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമായിരുന്നു. അതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയെന്നും സ്പീക്കര്‍ വിശദീകരിച്ചു. വനിതാ മന്ത്രിക്ക് നേരെ എന്തുകൊണ്ട് കെഎസ്യു പെണ്‍കുട്ടികള്‍ സമരത്തിന് വന്നില്ല.

പങ്കെടുക്കുമ്പോള്‍ ജയിലില്‍ കിടക്കേണ്ടി വരും. ജയിലില്‍ കിടത്തിയത് എന്തോ അപരാധം എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ജനാധിപത്യത്തില്‍ സമരം ചെയ്യാനും പ്രതിഷേധിക്കാനും അവകാശമുണ്ട്. അതിന്റെ ഭാഗമായി ജയിലിലും കിടക്കേണ്ടി വരുമെന്നും എ എന്‍ ഷംസീര്‍ വ്യക്തമാക്കി.

സ്പീക്കര്‍ എന്ന നിലയില്‍ അവസാനത്തെ പരിപാടിയാണ്. മൂന്നരവര്‍ഷത്തില്‍ ഏറെ സ്പീക്കര്‍ ആയി ഇരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും സഹകരിച്ചു. നിയമപരിഷ്‌കാരങ്ങള്‍ നടപ്പാക്കി. പൊതുജനങ്ങള്‍ക്കായി സഭ തുറന്ന് കൊടുത്തു. ലൈബ്രറിയും പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു.പുസ്തകോത്സവം സംഘടിപ്പിച്ചു. സാമാജികര്‍ സഭയെ ഗൗരവമായി കാണണമെന്ന് ഷംസീര്‍ പറഞ്ഞു.

ഇതാണ് ഇനി വരാന്‍ പോകുന്നവരോട് പറയാന്‍ ഉള്ളത്. സമാജികര്‍ സഭക്ക് ഉള്ളില്‍ ഇരിക്കണം .രണ്ട് ഭാഗത്തും ഈ സ്ഥിതി ഉണ്ട്. പുതിയതായി വരുന്ന ങഘഅ മാര്‍ സഭയെ ഗൗരവമായി കാണണം. സ്പീക്കര്‍ ആയി ഇരുന്നപ്പോള്‍ ഏറെ അഭിമാനം ഉണ്ടായി. പാര്‍ട്ടിയും ജനവും ഏല്പിച്ച ദൗത്യം നല്ല രീതിയില്‍ ചെയ്തു. ഭരണ പ്രതിപക്ഷ വ്യത്യമില്ലാതെ സഭക്ക് ഉള്ളില്‍ നടക്കുന്ന പ്രതിഷേധം ജനങ്ങള്‍ കാണുന്നുണ്ട്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വഹിച്ചു. രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടാകും. തുടര്‍ഭരണം ഉറപ്പ് എന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രിയുടെ മൊഴി ഇങ്ങനെ:

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ വധശ്രമം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ണ്ണായക മൊഴി. മന്ത്രിക്കെതിരെ വധശ്രമം നടന്നെന്ന ഗണ്‍മാന്റെ പരാതി തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തന്നെ നേരിട്ട് മൊഴി നല്‍കിയിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ പ്രതിഷേധത്തിനിടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നാണ് മന്ത്രിയുടെ മൊഴി. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചു എന്ന ഗണ്‍മാന്റെ വാദം ഇതോടെ അപ്രസക്തമായി.

സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് മന്ത്രി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മൊഴി നല്‍കാതിരുന്ന മന്ത്രി, രണ്ട് ദിവസം മുന്‍പാണ് വിശദമായ മൊഴി രേഖപ്പെടുത്തിയത്. വധശ്രമത്തിന് തെളിവില്ലാത്ത പശ്ചാത്തലത്തില്‍, കേസില്‍ ചുമത്തിയ വധശ്രമ കുറ്റം ഒഴിവാക്കിയാകും റെയില്‍വേ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. വധശ്രമക്കുറ്റം ചുമത്തി അഞ്ച് കെ.എസ്.യു പ്രവര്‍ത്തകരെ രണ്ടാഴ്ചയിലധികം ജയിലിലടച്ചിരുന്നു.

ജില്ലാ ആശുപത്രിയിലെ വൂണ്ട് സര്‍ട്ടിഫിക്കറ്റിലോ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലോ ആയുധം ഉപയോഗിച്ചുള്ള ആക്രമണം കണ്ടെത്താനായിരുന്നില്ല.സുരക്ഷയ്ക്കായെത്തിയ മൂന്ന് പോലീസുകാരുടെ മൊഴിയിലും വധശ്രമം നടന്നതായി പറഞ്ഞിരുന്നില്ല. പെരിങ്ങോത്ത് മന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവിനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിലുള്ള പ്രതിഷേധമാണ് റെയില്‍വേ സ്റ്റേഷനിലെ വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മന്ത്രി, പിറ്റേന്ന് തന്നെ സ്വന്തം കാറില്‍ മടങ്ങിയതും അന്ന് വാര്‍ത്തയായിരുന്നു.