
ബംഗളൂരു: കര്‍ണാടകയിലെ കുടക് ജില്ലയില്‍ യു.എസില്‍നിന്നുള്ള വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തതായി പരാതി. വാഷിങ്ടണില്‍നിന്നുള്ള യുവതിയെയാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ്‌ചെയ്തു. കേസിലെ പ്രധാന പ്രതിയായ ഹോംസ്റ്റേ ജീവനക്കാരന്‍ ഝാര്‍ഖണ്ഡ് സ്വദേശിയെയും സ്ഥാപന ഉടമയുമാണ് അറസ്റ്റിലായത്.
വിനോദസഞ്ചാര കേന്ദ്രത്തിലെ ഹോംസ്റ്റേയിലെ മുറിക്കുള്ളില്‍ വെച്ചാണ് പ്രതി സ്ത്രീയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ഇരയായ സ്ത്രീക്ക് ഹോംസ്റ്റേ ഉടമ യാതൊരു വിധ സഹായവും നല്‍കിയിരുന്നില്ല. കൂടാതെ അയാള്‍ അമേരിക്കന്‍ ടൂറിസ്റ്റിനെ മൂന്ന് ദിവസത്തേക്ക് തടഞ്ഞുവെക്കുകയും അവരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും പരാതി നല്‍കുന്നത് തടയുന്നതിനായി ഭീഷണിപ്പെടുത്തുകയും ചെയ്തു.
ആക്രമണം നടന്നിട്ട് ഒരാഴ്ചയായതായാണ് വിവരം. പിന്നീട് യുവതി മൈസൂരുവിലേക്ക് പോയി. അവിടെവെച്ച് യു.എസ് അധികൃതരെ ബന്ധപ്പെടുകയും വിവരം അറിയിക്കുകയുമായിരുന്നു. യു.എസ് എംബസിയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്ത് മേയ് മൂന്നുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി കുടക് പൊലീസ് പറഞ്ഞു.
