ഗൾഫ് മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ: ജാഗ്രത പുലർത്തുന്നുവെന്ന് സർക്കാർ
ന്യൂഡൽഹി: ഗൾഫ്, പശ്ചിമേഷ്യ മേഖലയിലെ സംഭവവികാസങ്ങൾ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ മേഖലയിലുടനീളമുള്ള ഇന്ത്യൻ മിഷനുകളും പോസ്റ്റുകളും പ്രവാസി സമൂഹവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ആവശ്യമായ സഹായങ്ങൾ നല്കുന്നതിനോടൊപ്പം കൃത്യമായ ഇടവേളകളിൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ട്.
അറിയിപ്പിലെ പ്രസക്ത ഭാഗങ്ങൾ
- പ്രാദേശിക ഗവൺമെന്റുകളുടെ മാർഗനിർദേശങ്ങൾ, വിമാന സർവീസുകൾ, യാത്രാ സാഹചര്യങ്ങൾ, കോൺസുലാർ സേവനങ്ങൾ എന്നിവ സംബന്ധിച്ച പുതുക്കിയ അറിയിപ്പുകൾ കൃത്യമായ ഇടവേളകളിൽ പുറപ്പെടുവിക്കുന്നുണ്ട്.
- മേഖലയിലുള്ള ഇന്ത്യൻ കമ്യൂണിറ്റി അസോസിയേഷനുകൾ, പ്രഫഷണൽ ഗ്രൂപ്പുകൾ, ഇന്ത്യൻ കമ്പനികൾ, മേഖലയിലെ മറ്റ് പങ്കാളികൾ എന്നിവയുമായി മിഷനുകൾ നിരന്തരം സമ്പർക്കം പുലർത്തുന്നു.
- വ്യോമപാത തുറന്നിട്ടുള്ള രാജ്യങ്ങളിൽനിന്ന് വിമാനങ്ങൾ സർവീസ് നടത്തുന്നതു തുടരുന്നു. ഫെബ്രുവരി 28 മുതൽ 8,71, 000 യാത്രക്കാർ ഈ മേഖലയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി.
- യുഎഇയിൽ, സുരക്ഷാ-പ്രവർത്തന കാരണങ്ങൾ മുൻനിർത്തി യുഎഇക്കും ഇന്ത്യക്കുമിടയിൽ പരിമിതമായ രീതിയിൽ ഷെഡ്യൂൾ ചെയ്യാത്ത വാണിജ്യ വിമാനങ്ങൾ സർവീസ് നടത്തുന്നത് തുടരുന്നു.
- സൗദി അറേബ്യയിലെയും ഒമാനിലേയും വിവിധ വിമാനത്താവളങ്ങളിൽനിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ തുടരുന്നുണ്ട്.
- കുവൈറ്റ് വ്യോമപാത അടഞ്ഞുകിടക്കുന്നു. കുവൈറ്റിലെ ജസീറ എയർവേയ്സും കുവൈറ്റ് എയർവേയ്സും സൗദി അറേബ്യയിലെ ദമാം വിമാനത്താവളം വഴിയാണ് ഇന്ത്യയിലേക്ക് ഷെഡ്യൂൾ ചെയ്യാത്ത വാണിജ്യ വിമാന സർവീസുകൾ നടത്തുന്നത്. കുവൈറ്റിൽനിന്നുള്ള ഇന്ത്യൻ പൗരന്മാരുടെ യാത്ര സൗദി അറേബ്യ വഴി തുടരുന്നു.
- ബഹ്റൈൻ വ്യോമപാത തുറന്നിട്ടുണ്ട്. ഗൾഫ് എയർ ഉടൻ തന്നെ ബഹ്റൈനിൽനിന്ന് ഇന്ത്യയിലേക്ക് പരിമിതമായ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, നിലവിൽ സൗദി അറേബ്യയിലെ ദമാം വിമാനത്താവളം വഴിയാണ് ഇവർ സർവീസ് നടത്തുന്നത്. ബഹ്റൈനിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരുടെ ഇന്ത്യയിലേക്കുള്ള യാത്ര സൗദി അറേബ്യ വഴി തുടരുന്നു.
- ടെഹ്റാനിലെ ഇന്ത്യൻ എംബസി വഴി ഇതുവരെ 981 ഇന്ത്യൻ വിദ്യാർഥികളും 662 ഇന്ത്യൻ മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ 2,225 ഇന്ത്യൻ പൗരന്മാരെ ഇറാനിൽനിന്ന് അർമേനിയ, അസർബൈജാൻ വഴി ഇന്ത്യയിലേക്ക് എത്തിക്കാൻ സാധിച്ചു.
- ഇസ്രായേൽ വ്യോമപാത അടഞ്ഞുകിടക്കുന്നു. ഇന്ത്യയിലേക്കുള്ള പൗരന്മാരുടെ യാത്ര ജോർദാൻ, ഈജിപ്ത് വഴി സുഗമമായി തുടരുന്നു.
- ഇറാഖ് വ്യോമപാത നിയന്ത്രിത വിമാന സർവീസുകളോടെ തുറന്നിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരുടെ യാത്ര ജോർദാൻ, സൗദി അറേബ്യ വഴി ഇന്ത്യയിലേക്ക് സുഗമമായി തുടരുന്നു.

