നിതിൻ രാജിന്റെ മരണം; സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം
ദളിത്-ആദിവാസി സംഘടനകളുടെ സംയുക്ത ആക്ഷൻ കൗൺസിലാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്

അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് ഹർത്താൽ. ദളിത്-ആദിവാസി സംഘടനകളുടെ സംയുക്ത ആക്ഷൻ കൗൺസിലാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. 52 ഓളം സംഘടനകളുടെ പിന്തുണ ഹർത്താലിനുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാന തലത്തിൽ പ്രക്ഷോഭം വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഹർത്താൽ പ്രഖ്യാപനം. അധ്യാപകരായ ഡോ. എം.കെ. റാം ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുക, രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക, കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങള്‍.
ഹർത്താലിന്റെ ഭാഗമായി വാഹനങ്ങൾ നിർബന്ധപൂർവ്വം തടയില്ലെന്നും എന്നാൽ ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ഹർത്താലിന് മുന്നോടിയായി ഇന്ന് വൈകുന്നേരം തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ഗാന്ധി പാർക്കിലേക്ക് പ്രതിഷേധ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.
