ബംഗളൂരു: തമിഴ്‌നാട്ടില്‍ തെരഞ്ഞടുപ്പു നടക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കവേ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമാക്കി ഇഡിയുടെ എന്‍ട്രി. തമിഴ്നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തി ഇഡി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയും മലയാളിയുമായ എന്‍എ ഹാരിസ് എംഎല്‍എയുയെട വീട്ടിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് റെയ്ഡ് നടത്തുന്നത്. ക്രിപ്‌റ്റോകറന്‍സി വഴി പണം വെളുപ്പിച്ച കേസിലാണ് റെയ്ഡ്.
എന്‍എ ഹാരിസിന്റെ മക്കളായ മുഹമ്മദ് ഹാരിസ് നാലപ്പാട്, ഉമര്‍ ഫാറൂഖ് നാലപ്പാട്, കേസിലെ പ്രതി ശ്രീകൃഷ്ണ രമേഷ് എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തിയത്. ബംഗളൂരു ശാന്തിനഗര്‍ എംഎല്‍എയായ എന്‍ എ ഹാരിസിന്റെ മക്കളുടെ വസതി ഉള്‍പ്പെടെ കര്‍ണാടകയിലെ 12 ഇടങ്ങളിലാണ് പരിശോധന നടന്നതെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഇഡി അറിയിച്ചു.
മുഹമ്മദ് ഹാരിസും ഉമര്‍ ഫാറൂഖും ശ്രീകൃഷ്ണ രമേഷിന്റെ അടുത്ത സഹായികളാണെന്നും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍ ഇവരാണെന്നും ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്, ഇഡി കൂട്ടിച്ചേര്‍ത്തു. ദേശീയ-അന്തര്‍ദേശീയ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുക, ബിറ്റ്‌കോയിനുകള്‍ മോഷ്ടിക്കുക, ഭീഷണിപ്പെടുത്തി പണം തട്ടുക, ലഹരിമരുന്ന് നിരോധന നിയമം ലംഘിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് 2017-ല്‍ ശ്രീകൃഷ്ണയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ കര്‍ണാടക പൊലീസ് ഫയല്‍ ചെയ്ത ഒന്നിലധികം എഫ്‌ഐആറുകളുടെയും കുറ്റപത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ അന്വേഷണം.
ഡിജിറ്റല്‍ ആസ്തികളും ഡാറ്റയും പണവും മോഷ്ടിക്കുന്നതിനായി പ്രതികള്‍ വെബ്‌സൈറ്റുകളും വാലറ്റുകളും ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇങ്ങനെ മോഷ്ടിക്കുന്ന ആസ്തികള്‍ ക്രിപ്‌റ്റോ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകള്‍ വഴി വിറ്റഴിച്ചുവെന്നും ഇഡി പ്രസ്താവനയില്‍ പറഞ്ഞു. വിറ്റഴിച്ചു കിട്ടുന്ന പണം വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ മാറ്റിമറിച്ചാണ് വെളുപ്പിച്ചിരുന്നത്. ഈ തുക ശ്രീകൃഷ്ണയും കൂട്ടാളികളും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഏജന്‍സി വ്യക്തമാക്കി.
രാവിലെ ആറുമണിയോടെ എന്‍എ ഹാരിസിന്റെ വീട്ടിലടക്കം 17 കേന്ദ്രങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. എന്‍ എ ഹാരിസിന്റെ മകന്റെയും വീടുകളില്‍ ഇ ഡി റെയ്ഡ് നടക്കുന്നുണ്ട്. അതേസമയം, തമിഴ്നാട് പിസിസി അധ്യക്ഷന്‍ കെ സെല്‍വപെരുന്തഗൈയുടെ വീട്ടില്‍ ആദായ നികുതി വകുപ്പും റെയ്ഡ് നടത്തുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ രാഹുല്‍ തമിഴ്നാട്ടില്‍ എത്തുന്ന ദിവസം റെയ്ഡ് ആസൂത്രിതമാണെന്ന് സെല്‍വപെരുന്തഗൈ ആരോപിച്ചു.
