
കോട്ടയം: അനുദിനം വേനല്‍ച്ചൂട് വര്‍ധിക്കുകയും ജലക്ഷാമം രൂക്ഷമാകുകയും ചെയ്തതോടെ വാടിത്തളര്‍ന്നു ക്ഷീരമേഖല. ജില്ലയിലെ വിവിധ മേഖലകളില്‍ പച്ചപ്പുല്ലിനും ജലത്തിനും ക്ഷാമമായതോടെ പാല് ഉത്പാദനം കുറഞ്ഞതു കര്‍ഷകര്‍ക്കു തിരിച്ചടിയായി. അടിക്കടി ഉണ്ടാകുന്ന കാലിത്തീറ്റ വിലവര്‍ധനയും കര്‍ഷകരെ വലയ്ക്കുകയാണ്. വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ കന്നുകാലികള്‍ക്ക് ആവശ്യമായ കുടിവെള്ളം പോലും നല്കാന് കഴിയാതെ ബുദ്ധിമുട്ടുകയാണ് പല ക്ഷീരകര്‍ഷകരും.
ചൂട് കൂടുന്നതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ കൂടുകളില്‍ ഒരുക്കണമെങ്കില്‍ ചെലവേറും. മൃഗചികിത്സാ ചെലവിലെ വര്‍ധനയും തീറ്റപ്പുല്‍ കൃഷിയിലെ സ്ഥലപരിമിതിയും കാലികളുടെ എണ്ണത്തിലുണ്ടായ കുറവും ഇതരസംസ്ഥാനങ്ങളില്‍നിന്നു ഗുണനിലവാരം കുറഞ്ഞ പാല് കുറഞ്ഞ വിലയ്ക്ക് എത്തുന്നതും ക്ഷീരമേഖലയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ചൂട് കൂടുന്നതോടെ പശുക്കള്‍ക്ക് അകിടുവീക്കം ഉള്‍പ്പെടെയുള്ള രോഗങ്ങളും കൂടുതലായി കാണുന്നുണ്ട്.
പച്ചപ്പുല്ലില്ല, നല്കുന്നതു വൈക്കോല്‍ മാത്രം
കടുത്ത വേനലില്‍ ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രധാനപ്രശ്നം പച്ചപ്പുല്ലിന്റെ ക്ഷാമമാണ്. ജില്ലയുടെ വിവിധ മേഖലകളില്‍ പച്ചപ്പുല്ല് ക്ഷാമം രൂക്ഷമായിട്ടു മാസങ്ങള്‍ പിന്നിട്ടു. ഇതോടെ പല കര്‍ഷകരും പശുക്കള്‍ക്കു നല്കുന്നതു വൈക്കോലാണ്. വലിയ ഫാമുകള്‍ നടത്തുന്നവർ മാത്രമാണ് തീറ്റപ്പുല്ല് കൃഷി ചെയ്യുന്നത്.
ഇപ്പോത്തെ സാഹചര്യത്തില്‍ ജലസേചന സൗകര്യമില്ലാത്തവര്‍ക്കു തീറ്റപ്പുല്‍ കൃഷി നടത്താൻ കഴിയില്ല. വൈക്കോല്‍ മാത്രം നല്കുന്ന ഒട്ടുമിക്ക കര്‍ഷകര്‍ക്കും പാല് ഉത്പാദനം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. പല കര്‍ഷകരും പച്ചപ്പുല്ല് കിട്ടാനില്ലാതെ വന്നതോടെ പാല് ഉത്പാദനം കുറയാതിരിക്കാൻ കാലിത്തീറ്റ കൂടുതലായി നല്‍കുന്നുണ്ട്. എന്നാല്‍ വിലവര്‍ധന ഇവര്‍ക്കു തിരിച്ചടിയാകുകയാണ്.
വൈക്കോല്‍ നല്കിയാല് പശുക്കളുടെ വിശപ്പകറ്റാമെന്നല്ലാതെ പാല് ഉത്പാദനത്തില്‍ വര്‍ധനയുണ്ടാകില്ലെന്നു ക്ഷീരകര്‍ഷകര്‍ പറയുന്നു. മാത്രമല്ല, കന്നുകാലികള്‍ ആവശ്യത്തിനു തിന്നാനും മടിക്കും. കര്‍ണാടകയില്‍നിന്നു ചോളത്തണ്ടുകള്‍ എത്തുന്നതും കുറഞ്ഞു. സ്വകാര്യകമ്പനികളുടെ 50 കിലോഗ്രാം ചാക്ക് കാലിത്തീറ്റയ്ക്ക് നിലവില്‍ 1500 രൂപയ്ക്കു മുകളിലാണ് വില. 20 കിലോഗ്രാം റോള്‍ വൈക്കോലിന് നിലവില്‍ 240- 260 രൂപ വരെയാണ് വില. പാടശേഖരങ്ങളില്‍ നിന്നും ഇവ എത്തിക്കുന്നതിനു വണ്ടിക്കൂലിയും മറ്റു പണിച്ചെലവുകളും വേറെയും കണ്ടെത്തേണ്ടതുണ്ട്.
തിരിച്ചടിയായ ജലക്ഷാമം
വേനല്‍ കടുത്തതോടെ ജലക്ഷാമം രൂക്ഷമായതും ക്ഷീരകര്‍ഷകര്‍ക്കു തിരിച്ചടിയാണ്. പശുവിനു ദിവസവും പല സമയത്തായി 100 ലിറ്ററില്‍ അധികം വെള്ളം കുടിക്കാന്‍ നല്‍കണം. പശുക്കള്‍ വെള്ളം കുടിക്കുന്നതു കുറഞ്ഞാല്‍ അതു പാൽ ഉത്പാദനത്തെയും ബാധിക്കും. കുടിക്കുന്നതിനു പുറമെ കടുത്ത ചൂടായതിനാല്‍ നല്ല രീതിയില്‍ പശുക്കളെ കുളിപ്പിക്കണം. നന്നായിട്ടു കുളിപ്പിച്ചില്ലെങ്കില്‍ അകിടുവീക്കം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ശുദ്ധജലത്തിന്റെ അഭാവത്തില്‍ പശുക്കള്‍ മലിനജലം കുടിച്ചാല്‍ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
പാൽവില കൂട്ടണമെന്ന് കർഷകർ
പാലിനു വില കൂട്ടണമെന്ന ക്ഷീര കര്‍ഷകരുടെ ആവശ്യത്തിനു മാസങ്ങളുടെ പഴക്കമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ലിറ്ററിന് 50 രൂപയെങ്കിലും ലഭിച്ചാലേ ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാനാകൂവെന്ന് കര്‍ഷകര്‍ പറയുന്നു.മൂന്നു വര്‍ഷമായി പാല്‍വില കൂട്ടിയിട്ടില്ല.
അതേസമയം 29ന് ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പാല്‍വില കൂട്ടാന്‍ തീരുമാനമുണ്ടായേക്കും. തീരുമാനം വൈകിക്കുന്നതില്‍ ബോര്‍ഡ് ആസ്ഥാനത്തിനു മുന്നില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. പാല് വില വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ടു സര്‍ക്കാരിനു മില്‍മ കത്തു നല്‍കിയെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.
