എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനെതിരായ സൈബര്‍ ആക്രമണം; ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി CPIM

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനെതിരായ സൈബര്‍ ആക്രമണം; ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി CPIM


പത്തനംതിട്ട: ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ വീണാ ജോര്‍ജിനെതിരായ സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി സിപിഐഎം. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കാണ് സിപിഐഎം പരാതി നല്‍കിയത്. അസഭ്യ കമന്റ് ഇട്ട വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ സഹിതമാണ് പരാതി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരവും ഭാരതീയ ന്യായ സംഹിത പ്രകാരവും കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹീനമായ സൈബര്‍ ആക്രമണമാണ് തനിക്കെതിരെ നടക്കുന്നതെന്ന് വീണാ ജോര്‍ജ് പ്രതികരിച്ചു. നിരന്തരം മോശം കമന്റുകളാണ് വരുന്നത്.

വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ് കമന്റുകള്‍. എല്ലാത്തിനും ഒരു പരിധിയുണ്ട്. എല്ലാ പരിധിയും ലംഘിച്ചുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഒരു സ്ത്രീക്കെതിരെയും സൈബര്‍ ആക്രമണം ഉണ്ടാകരുത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി അന്വേഷിക്കട്ടെ. മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ താന്‍ ഒന്നും പറയില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു