കേരളം തൂക്കി യുഡിഎഫ്.. സെഞ്ച്വറിയടിച്ചു വന്‍ മുന്നേറ്റം; തകര്‍ന്നടിഞ്ഞു പിണറായിസം; യുഡിഎഫ് മുന്നേറ്റം 102 സീറ്റകളില്‍; എല്‍ഡിഎഫ് 36 സീറ്റുകളിലേക്ക് ചുരുങ്ങി; നേമത്തു ചാത്തന്നൂരും ലീഡ് നേടി ബിജെപി; കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎമ്മിനെ വിറപ്പിച്ചു വിജയവഴിയില്‍ സിപിഎം വിമതര്‍; അമ്പലപ്പുഴയില്‍ വിപ്ലവം തീര്‍ത്ത് ജി സുധാകരനും

കേരളം തൂക്കി യുഡിഎഫ്.. സെഞ്ച്വറിയടിച്ചു വന്‍ മുന്നേറ്റം; തകര്‍ന്നടിഞ്ഞു പിണറായിസം; യുഡിഎഫ് മുന്നേറ്റം 102 സീറ്റകളില്‍; എല്‍ഡിഎഫ് 36 സീറ്റുകളിലേക്ക് ചുരുങ്ങി; നേമത്തു ചാത്തന്നൂരും ലീഡ് നേടി ബിജെപി; കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎമ്മിനെ വിറപ്പിച്ചു വിജയവഴിയില്‍ സിപിഎം വിമതര്‍; അമ്പലപ്പുഴയില്‍ വിപ്ലവം തീര്‍ത്ത് ജി സുധാകരനും


തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത യുഡിഎഫ് സുനാമി ആഞ്ഞടിക്കുന്നു. പിണറായി വിജയന്റെ അപ്രമാദിത്വത്തിന് അന്ത്യം കുറിച്ചുകൊണ്ട് യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) 102 സീറ്റുകളില്‍ ലീഡ് ചെയ്ത് വന്‍ കുതിപ്പ് നടത്തി. 'ഇരട്ടച്ചങ്കന്‍' എന്ന വിശേഷണവുമായി ഭരണത്തുടര്‍ച്ച സ്വപ്നം കണ്ടിറങ്ങിയ എല്‍ഡിഎഫ് വെറും 36 സീറ്റുകളിലേക്ക് ചുരുങ്ങുന്ന കാഴ്ചയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്നത്. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. മന്ത്രിമാര്‍ കൂട്ടത്തോടെ തോല്‍വി രുചിച്ചു. ഇടതു മുന്നണിയെ പാര്‍ട്ടി തിരുത്തുന്ന കാഴ്ച്ചയാണ് കേരളം കാണുന്നത്.

ആകെ സിറ്റുകള്‍ 140

യുഡിഎഫ്-102

എല്‍ഡിഎഫ് -36

എന്‍ഡിഎ -3


തകര്‍ന്നടിഞ്ഞ് പിണറായിസം; മന്ത്രിപ്പട നിലംപൊത്തി!

യുഡിഎഫ് തരംഗത്തില്‍ എല്‍ഡിഎഫിന്റെ ഉരുക്കുകോട്ടകളെല്ലാം ഒന്നൊന്നായി തകരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മടത്ത് വി.പി. അബ്ദുല്‍ റഷീദിന് മുന്നില്‍ വിയര്‍ക്കുമ്പോള്‍, മന്ത്രിസഭയിലെ പ്രമുഖരായ റോഷി അഗസ്റ്റിന്‍, വി.എന്‍. വാസവന്‍, പി. രാജീവ്, വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ് ഒ.ആര്‍.കേളു, ശിവന്‍കുട്ടി, അബ്ദുറഹിമാന്‍, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി എന്നിവര്‍ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്. ഭരണവിരുദ്ധ വികാരം കൊടുങ്കാറ്റായി മാറിയപ്പോള്‍ പിണറായിസത്തിന് കേരളത്തിന്റെ മണ്ണില്‍ അടിപതറി.

വിപ്ലവം തീര്‍ത്ത് ജി. സുധാകരന്‍; കണ്ണൂരില്‍ ചുവപ്പ് മങ്ങി!

അമ്പലപ്പുഴയില്‍ സിപിഎമ്മിനെ ഞെട്ടിച്ചുകൊണ്ട് ജി. സുധാകരന്‍ വിപ്ലവകരമായ മുന്നേറ്റമാണ് നടത്തുന്നത്. പാര്‍ട്ടിയുമായി ഇടഞ്ഞുനിന്ന സുധാകരന്‍ വ്യക്തിപ്രഭാവം കൊണ്ട് വോട്ടര്‍മാരെ സ്വാധീനിച്ചപ്പോള്‍ സിപിഎം അവിടെ അക്ഷരാര്‍ത്ഥത്തില്‍ നിഷ്പ്രഭമായി. കണ്ണൂരിലെ പാര്‍ട്ടിക്കോട്ടകളില്‍ പോലും ചെങ്കൊടി താഴ്ത്തിക്കൊണ്ട് സിപിഎം വിമതര്‍ വിജയവഴിയിലാണ്. തളിപ്പറമ്പിലും ധര്‍മടത്തും ഉണ്ടായ വിള്ളലുകള്‍ കണ്ണൂരിലെ സിപിഎം ആധിപത്യത്തിന് അന്ത്യം കുറിക്കുന്ന സൂചനകളാണ് നല്‍കുന്നത്.

രണ്ടിടത്ത് താമര

തിരുവനന്തപുരത്തെ നേമത്ത് ശക്തമായ തിരിച്ചുവരവ് നടത്തിക്കൊണ്ട് ബിജെപി ലീഡ് ചെയ്യുന്നു. ഇതിനുപുറമെ ചാത്തന്നൂരിലും ബിജെപി മുന്നേറ്റം നടത്തുന്നത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് മാത്രമല്ല, സ്വാധീനം വര്‍ദ്ധിപ്പിക്കുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 100 സീറ്റുകള്‍ കടന്ന് മുന്നേറുന്ന യുഡിഎഫ് ക്യാമ്പുകളില്‍ ആവേശക്കടല്‍ ഇരമ്പുകയാണ്. കേരളം ഇനി പുതിയൊരു ഭരണത്തിലേക്ക് നീങ്ങുകയാണ്. പിണറായി വിജയന്റെ കാലം കഴിഞ്ഞെന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുഡിഎഫ് തിരിച്ചെത്തുമെന്നും ജനങ്ങള്‍ ഉറപ്പിച്ച കാഴ്ച്ചയാണ് വോട്ടെണ്ണലില്‍ കണ്ടത്.

ടി.പി. ചന്ദ്രശേഖരന്റെ ചരമവാര്‍ഷിക ദിനത്തില്‍ യുഡിഎഫ് നേടിയ വന്‍ വിജയത്തിനു പിന്നാലെ ഫെയ്‌സ്ബുക് പോസ്റ്റുമായി ഭാര്യയും വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ.കെ. രമ രംഗത്തെത്തി. കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊളളുന്ന വെയിലത്ത് നഗ്‌നനായി നില്‍ക്കുന്ന കാഴ്ച കാണാന്‍ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞുവെന്നാണ് പിണറായിയെ പരോക്ഷമായി വിമര്‍ശിച്ച് രമയുടെ ഫെയ്‌സ്ബുക് പോസ്റ്റ്.