സംസ്ഥാനത്ത് വീണ്ടും പാമ്പ് ജിവനെടുത്തു; പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 13 കാരി മരിച്ചു; മൂര്‍ഖന്റെ കടിയേറ്റത് വീടിനകത്ത് കളിക്കുന്നതിനിടെ; കുട്ടിയുടെ മരണം 17 ദിവസത്തിന് ശേഷം

പാലക്കാട്: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പതിമൂന്നുകാരി ഒടുവില്‍ മരണത്തിന് കീഴടങ്ങി. നെന്മാറ ചക്കാത്തറയില്‍ രാമന്‍-അംബിക ദമ്പതികളുടെ മകളായ രാജേശ്വരിയാണ് മരിച്ചത്.
കഴിഞ്ഞ മെയ് 14-ന് ഉച്ചയ്ക്കായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വീടിനകത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രാജേശ്വരിയെ മൂര്‍ഖന്‍ പാമ്പ് കടിക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. വൈകുന്നേരത്തോടെ കുട്ടിയുടെ പിതൃസഹോദരനും ഭാര്യയും ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് രാജേശ്വരിയെ വീടിനുള്ളില്‍ ബോധരഹിതയായ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ നല്‍കിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
