ചെങ്കോട്ട പിളര്‍ന്ന് സന്ദീപ് വാര്യര്‍; തൃക്കരിപ്പൂരില്‍ അട്ടിമറി വിജയം; 1984 വോട്ടുകളുടെ അട്ടിമറി വിജയം; ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപിന് 'കൈ' കൊടുത്തു വടക്കന്‍ മലബാറിലെ മണ്ഡലം; സിപിഎം സ്ഥാനാര്‍ത്ഥി ഡോ. വി.പി.പി മുസ്തഫയെ മുട്ടുകുത്തിച്ചു പുതുചരിത്രമെഴുതി

ചെങ്കോട്ട പിളര്‍ന്ന് സന്ദീപ് വാര്യര്‍; തൃക്കരിപ്പൂരില്‍ അട്ടിമറി വിജയം; 1984 വോട്ടുകളുടെ അട്ടിമറി വിജയം; ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപിന് 'കൈ' കൊടുത്തു വടക്കന്‍ മലബാറിലെ മണ്ഡലം; സിപിഎം സ്ഥാനാര്‍ത്ഥി ഡോ. വി.പി.പി മുസ്തഫയെ മുട്ടുകുത്തിച്ചു പുതുചരിത്രമെഴുതി



കാസര്‍കോട്: കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് ചെങ്കോട്ടയായ തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍ അട്ടിമറി വിജയം നേടിയിരിക്കുകയാണ്. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍, സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ തൃക്കരിപ്പൂരില്‍ വെറും 1984 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയക്കൊടി പാറിച്ചത്. അവസാന റൗണ്ട് വരെ ഉദ്വേഗം നിറഞ്ഞ 'ഫോട്ടോഫിനിഷ്' പോരാട്ടത്തിനൊടുവിലാണ് സന്ദീപ് വാര്യര്‍ ചരിത്ര വിജയം സ്വന്തമാക്കിയത്.

വര്‍ഷങ്ങളായി സി.പി.എം മാത്രം ജയിച്ചുവരുന്ന തൃക്കരിപ്പൂര്‍ ഇത്തവണ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പോലും കരുതിയിരുന്നില്ല. എന്നാല്‍ സി.പി.എം സ്ഥാനാര്‍ത്ഥി ഡോ. വി.പി.പി മുസ്തഫയെ മുട്ടുകുത്തിച്ചുകൊണ്ട് സന്ദീപ് വാര്യര്‍ മണ്ഡലത്തില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തി. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നില മാറിമറിഞ്ഞ മണ്ഡലത്തില്‍, അവസാന നിമിഷം സന്ദീപ് വാര്യര്‍ മുന്നിലെത്തുകയായിരുന്നു.

ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ക്ക് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. എന്നാല്‍ തൃക്കരിപ്പൂരിലെ വോട്ടര്‍മാര്‍ അദ്ദേഹത്തെ സ്വീകരിച്ചുവെന്ന് തെളിയിക്കുന്നതാണ് ഈ ഫലം. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിട്ടയായ പ്രവര്‍ത്തനവും ഭരണവിരുദ്ധ വികാരവും സന്ദീപിന്റെ വിജയത്തിന് കരുത്തായി.

മന്ത്രിപ്പടയും ഉന്നത നേതാക്കളും ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയ തൃക്കരിപ്പൂരിലെ പരാജയം സി.പി.എമ്മിന് വലിയ തിരിച്ചടിയാണ്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും വോട്ടുകള്‍ ചോര്‍ന്നത് വരും ദിവസങ്ങളില്‍ സി.പി.എമ്മില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമായേക്കാം. പരാജയം അംഗീകരിക്കുന്നതായി സി.പി.എം നേതൃത്വം അറിയിച്ചു.

തൃക്കരിപ്പൂര്‍ പിടിച്ചെടുത്തതോടെ വടക്കന്‍ മലബാറില്‍ യുഡിഎഫ് തരംഗം പൂര്‍ണ്ണമായിരിക്കുകയാണ്. സന്ദീപ് വാര്യറുടെ ഈ വിജയം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കാന്‍ സഹായിക്കും. എന്‍.ഡി.എയുടെ ടിക്കറ്റില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ഥി രവി കുളങ്ങരയാണ് മത്സരിച്ചത്. അട്ടിമറി നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യു.ഡി.എഫ് സന്ദീപ് വാര്യരെ ഇവിടേക്ക് ചുമതലപ്പെടുത്തിയത്. ആ പ്രതീക്ഷ തെറ്റിയില്ല.

നീലേശ്വരം ദ്വയാംഗ മണ്ഡലത്തിന്റെ ഭാഗമായിരുന്ന മണ്ഡലം 1977ല്‍ വേര്‍പെടുത്തുകയായിരുന്നു. സി.പി.എമ്മിന് വമ്പിച്ച അടിത്തറയുള്ള പഞ്ചായത്തുകള്‍ ചേര്‍ത്ത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി ഉരുക്കുകോട്ടയായി നിലകൊണ്ടു. പിന്നീട് കണ്ണൂര്‍ ജില്ലയിലെ പഞ്ചായത്തുകള്‍ ഒഴിവാക്കിയതോടെ മണ്ഡലം ജില്ലക്കകത്തായി. മണ്ഡലം രൂപവത്കരിച്ചതിനുശേഷം നടന്ന 11 തെരഞ്ഞെടുപ്പിലും നിയമസഭയില്‍ തൃക്കരിപ്പൂരിനെ പ്രതിനിധാനം ചെയ്തത് ഇടതുമുന്നണിയാണ്. തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ്, പിലിക്കോട്, ചെറുവത്തൂര്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തുകളും നീലേശ്വരം നഗരസഭയുമാണ് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.

ഇതില്‍ തൃക്കരിപ്പൂര്‍, വലിയപറമ്പ പഞ്ചായത്തുകളില്‍ മുസ്ലിം ലീഗിന്റെ സാരഥ്യത്തിലും വെസ്റ്റ് എളേരിയില്‍ ഈസ്റ്റ് എളേരി കോണ്‍ഗ്രസ് നേതൃത്വത്തിലും ഭരിക്കുന്നു. പടന്ന, പിലിക്കോട്, ചെറുവത്തൂര്‍, കയ്യൂര്‍ ചീമേനി, നീലേശ്വരം നഗരസഭ, വെസ്റ്റ് എളേരി എന്നിവ എല്‍.ഡി.എഫ് ഭരണത്തിലാണ്. തദ്ദേശസ്ഥാപനങ്ങളില്‍ ഇടതുമുന്നണിക്ക് മേല്‍ക്കൈ ലഭിച്ചെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ രണ്ടുതവണയും യു.ഡി.എഫിനായിരുന്നു മുന്‍തൂക്കം.

ബി.ജെ.പിയുടെ തീപ്പൊരി നേതാവായിരുന്ന സന്ദീപ് വാര്യര്‍, കോണ്‍ഗ്രസിലെത്തിയത് മുതല്‍ കടുത്ത സംഘ്പരിവാര്‍ വിരുദ്ധനും മതേതരചേരിയുടെ മുന്നണിപ്പോരാളിയുമായി മാറി. പാലക്കാട് ചെത്തല്ലൂര്‍ സ്വദേശിയാണ്. തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബുക്കിങ് ക്ലര്‍ക്കായിരുന്ന പിതാവ് ഗോവിന്ദ വാര്യര്‍ വഴിയാണ് തൃക്കരിപ്പൂര്‍ ബന്ധം. മാതാവ് രുഗ്മിണി. കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിങ്ങില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. കെ.പി.സി.സി വക്താവ്, ജന. സെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ബി.ജെ.പിയില്‍ ആയിരുന്നപ്പോള്‍ നേരത്തെ ഷൊര്‍ണൂരില്‍നിന്ന് മത്സരിച്ചിട്ടുണ്ട്. അന്ന് 36,973 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി. ടെലിവിഷന്‍ ചര്‍ച്ചകളിലൂടെ ശ്രദ്ധേയനാണ്. ശബരിമല സ്വര്‍ണപ്പാളി വിഷയത്തിലെ പ്രതിഷേധസമരവുമായി ബന്ധപ്പെട്ട് 10 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞു. ഭാര്യ: ഷീജ സന്ദീപ് പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രി ജീവനക്കാരിയാണ്. മകന്‍: ശ്രീഗോവിന്ദ് (ഒമ്പതാം തരം വിദ്യാര്‍ഥി).