ശക്തമായ സന്ദേശവുമായി കത്തോലിക്കാ സഭ; അനധികൃത കുടിയേറ്റക്കാരനായ വൈദികനെ ബിഷപ്പായി നിയമിച്ചു, പുതിയ 3 ബിഷപ്പുമാരും ട്രംപിന്‍റെ വിമർശകർ
വാഷിങ്ടണ്‍: യുഎസ് രാഷ്ട്രീയത്തിൽ കുടിയേറ്റ വിഷയത്തിൽ കടുത്ത വിവാദങ്ങൾ തുടരുന്നതിനിടെ, കത്തോലിക്കാ സഭയിൽ നിന്ന് ശക്തമായൊരു സന്ദേശം. അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറി പിന്നീട് വൈദികനായ എൽ സാൽവദോർ സ്വദേശി എവെലിയോ മെൻഹീവാർ അയാലയെ വെസ്റ്റ് വെർജിനിയയിൽ ബിഷപ്പായി നിയമിച്ചു. പുതിയതായി ബിഷപ്പായി നിയമിക്കപ്പെട്ട മൂന്ന് പേരും ട്രംപിന്‍റെ പല നയങ്ങളെയും പരസ്യമായി വിമർശിച്ചവരാണ് എന്നതും ശ്രദ്ധേയമാണ്. ലിയോ മാർപാപ്പ എടുത്ത പുതിയ തീരുമാനം വലിയ ചര്‍ച്ചയാകുകയാണ്. അയാലയ്ക്ക് പുറമെ റോബർട്ട് ബോക്സി മൂന്നാമൻ, ഗാരി സ്റ്റഡ്‌നിവ്‌സ്‌കി എന്നിവരാണ് പുതിയ ബിഷപ്പുമാർ.1970 ആഗസ്റ്റ് 14-ന് എൽ സാൽവദോറിൽ ജനിച്ച എവെലിയോ മെൻഹീവാർ അയാലയുടെ കുട്ടിക്കാലം ആഭ്യന്തര യുദ്ധത്തിന്റെ കെടുതികൾ നിറഞ്ഞതായിരുന്നു. വെടിയുണ്ടകളിൽ നിന്ന് തലനാരിഴയ്ക്കാണ് അദ്ദേഹവും കുടുംബവും രക്ഷപ്പെട്ടത്. തുടർന്ന് അമേരിക്കയിലേക്ക് വരാനുള്ള രണ്ട് ശ്രമങ്ങൾ പരാജയപ്പെടുകയും മെക്സിക്കോയിൽ പിടിക്കപ്പെടുകയും ചെയ്തു. എന്നാൽ 1990ൽ മൂന്നാം തവണ കഠിനമായ യാത്രയ്ക്കൊടുവിൽ അദ്ദേഹം യുഎസിൽ എത്തുകയായിരുന്നു. രേഖകളില്ലാത്ത അഭയാർത്ഥിയായി കാറിന്‍റെ ഡിക്കിയിൽ ഒളിച്ചാണ് എവെലിയോ മെൻഹീവാർ അയാല യുഎസിൽ പ്രവേശിച്ചത്. അവിടെ നിന്ന് ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിൽ എത്തിയ ശേഷം ശുചീകരണ തൊഴിലാളിയായും കെട്ടിട നിർമ്മാണ ജോലിക്കാരനായും അദ്ദേഹം ജോലി ചെയ്തു. പിന്നീട് ആത്മീയതയിലേക്ക് ആകൃഷ്ടനാവുകയും പഠനം ആരംഭിക്കുകയുമായിരുന്നു. ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ എതിർക്കാൻ അദ്ദേഹം നേരത്തെ പരസ്യമായി ആഹ്വാനം ചെയ്തിട്ടുമുണ്ട്.തന്‍റെ കഠിനമായ യാത്രയെക്കുറിച്ച് അദ്ദേഹം ഹൃദയസ്പർശിയായ ഓർമ്മകൾ ബിഷപ്പ് പങ്കുവെച്ചു. കയ്യിലുണ്ടായിരുന്ന ബാഗിൽ ഒരു സെറ്റ് വസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അതിൽ നിറയെ സ്വപ്നങ്ങളായിരുന്നു. ദൈവം നൽകിയ ആ വെളിച്ചമാണ് തന്നെ നയിച്ചതെന്നും ബിഷപ്പ് പറഞ്ഞു. വെസ്റ്റ് വിർജീനിയയിലെ യുവാക്കളെയും ദരിദ്രരെയും കുടിയേറ്റക്കാരെയും കേൾക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുടിയേറ്റക്കാരോടുള്ള യുഎസ് ഭരണകൂടത്തിന്‍റെ നിലപാടുകളെ ലിയോ പതിനാലാമൻ മാർപ്പാപ്പയും നേരത്തെ വിമർശിച്ചിരുന്നു. വിദേശികളെ അത്യന്തം അനാദരവോടെയാണ് അമേരിക്ക കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് പോപ്പിനെതിരെ പരസ്യ വിമർശനവുമായി ട്രംപ് ട്രൂത്ത് സോഷ്യലിൽ രംഗത്തെത്തിയിരുന്നു. ഇറാനെതിരായ യുദ്ധത്തെയും മാർപ്പാപ്പ നിശിതമായി വിമർശിച്ചിരുന്നു