തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള കോണ്‍ഗ്രസ് എംഎല്‍എമാരുടെ അഭിപ്രായശേഖരണത്തില്‍ കെ.സി. വേണുഗോപാലിന് വന്‍ മുന്‍തൂക്കമെന്ന് സൂചന. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സണ്ണി ജോസഫും യുവനേതാവ് സന്ദീപ് വാര്യരും ആരെയും പിന്തുണച്ചില്ലെന്ന വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഹൈക്കമാന്‍ഡ് നിരീക്ഷകന്‍ മുകുള്‍ വാസ്‌നിക്കിന്റെ പക്കലുണ്ടായിരുന്ന പട്ടികയുടെ ആദ്യഭാഗം പുറത്തായതോടെയാണ് എംഎല്‍എമാരുടെ പിന്തുണ സംബന്ധിച്ച യഥാര്‍ത്ഥ ചിത്രം വ്യക്തമായത്.
സണ്ണി ജോസഫ്, സന്ദീപ് വാര്യര്‍, ടി. സിദ്ദിഖ് തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം കെ.സി. വേണുഗോപാലിന്റെ പേരാണ് നിര്‍ദ്ദേശിച്ചതെന്ന് നിരീക്ഷകരുടെ രേഖകള്‍ വ്യക്തമാക്കുന്നു. സണ്ണി ജോസഫ് നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നായിരുന്നു നേരത്തെയുള്ള കരുതിയിരുന്നത്. എന്നാല്‍ സന്ദീപ് വാര്യരും സണ്ണി ജോസഫും കൃത്യമായി തന്നെ വേണുഗോപാലിന് അനുകൂലമായി നിലപാട് രേഖപ്പെടുത്തിയിട്ടുണ്ട്. മുകുള്‍ വാസ്‌നിക് പട്ടികയുമായി മടങ്ങുന്നതിനിടെ പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്നാണ് ഈ രഹസ്യ വിവരങ്ങള്‍ പുറത്തായത്.
കോണ്‍ഗ്രസിന്റെ 63 എംഎല്‍എമാരില്‍ 47 പേരുടെ പിന്തുണ കെ.സി. വേണുഗോപാലിനുണ്ടെന്നാണ് ഈ രേഖകള്‍ സൂചിപ്പിക്കുന്നത്. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറം വലിയൊരു വിഭാഗം എംഎല്‍എമാര്‍ വേണുഗോപാലിനായി നിലകൊണ്ടു എന്നത് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല ക്യാമ്പുകളെ ഞെട്ടിച്ചിരിക്കുകയാണ്. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയുടെ നിലപാടാണ് ഏറെ കൗതുകകരമായത്. അദ്ദേഹം കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും ഒരുപോലെ പിന്തുണയ്ക്കുന്നതായാണ് പട്ടികയിലുള്ളത്.
രമേശ് ചെന്നിത്തലയ്ക്ക് എട്ട് എംഎല്‍എമാരുടെ പിന്തുണ മാത്രമാണ് നിലവില്‍ പട്ടികയിലുള്ളത്. ജനപിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന വി.ഡി. സതീശനാകട്ടെ ആറ് എംഎല്‍എമാരുടെ പിന്തുണ മാത്രമേ നേടാനായുള്ളൂ എന്നാണ് പുറത്തുവരുന്ന വിവരം. എംഎല്‍എമാരുടെ എണ്ണത്തില്‍ കെ.സി. വേണുഗോപാല്‍ ബഹുദൂരം മുന്നിലാണെന്നത് ഹൈക്കമാന്‍ഡിന് അവഗണിക്കാന്‍ കഴിയില്ല. ഇതോടെ നിരീക്ഷകരുടെ റിപ്പോര്‍ട്ടില്‍ വേണുഗോപാലിന് വലിയ മുന്‍ഗണന ലഭിക്കുമെന്ന് ഉറപ്പായി.
എംഎല്‍എമാരെ കൂടാതെ എംപിമാരുമായും മുതിര്‍ന്ന നേതാക്കളുമായും നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ ഭൂരിഭാഗം എംപിമാരും കെ.സിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. മൂന്ന് മുന്‍ കെപിസിസി ഭാരവാഹികള്‍ സതീശനെ പിന്തുണച്ചപ്പോള്‍, സംഘടനാ സംവിധാനത്തിന്റെ കരുത്ത് വേണുഗോപാലിനാണെന്ന വാദമാണ് മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തിയത്. എന്നാല്‍ മുസ്ലിം ലീഗ് വി.ഡി. സതീശനായി കടുത്ത സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്.
ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ ഇന്ന് വൈകുന്നേരത്തോടെ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എംഎല്‍എമാരുടെ എണ്ണം മാത്രം പോര, കേരളത്തിലെ പൊതുജന വികാരം കൂടി കണക്കിലെടുക്കണമെന്ന് വി.ഡി. സതീശന്‍ പക്ഷം വാദിക്കുന്നുണ്ട്. ഇതിനായി കേരളത്തിലെ സാഹചര്യം വിലയിരുത്താന്‍ എഐസിസി പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചിട്ടുണ്ട്. ഗ്രൗണ്ട് റിയാലിറ്റി പരിശോധിക്കുന്ന ഈ സംഘത്തിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം.
എംഎല്‍എമാരുടെ പിന്തുണയില്‍ കെ.സി വേണുഗോപാല്‍ മുന്നിലെത്തിയതോടെ സതീശന്‍ ക്യാമ്പ് ആശങ്കയിലാണ്. ലീഗിനെ മുന്നില്‍ നിര്‍ത്തി സമ്മര്‍ദ്ദം ചെലുത്തി പദവി ഉറപ്പിക്കാനാണ് സതീശന്‍ അനുകൂലികളുടെ നീക്കം. എന്നാല്‍ ഭൂരിപക്ഷം എംഎല്‍എമാരുടെ താല്പര്യം മറികടന്ന് ഒരു തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ് മടിച്ചേക്കാം. രണ്ട് ദിവസത്തിനുള്ളില്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും നേരിട്ട് ചര്‍ച്ച നടത്തി പ്രഖ്യാപനം നടത്തും.
സണ്ണി ജോസഫിനെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ കെ.സിക്കൊപ്പം നിന്നത് കണ്ണൂര്‍ ഉള്‍പ്പെടെയുള്ള മലബാര്‍ മേഖലയില്‍ വേണുഗോപാലിനുള്ള സ്വാധീനമാണ് വ്യക്തമാക്കുന്നത്. സന്ദീപ് വാര്യരുടെ പിന്തുണ കൂടി ലഭിച്ചതോടെ കെസി ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലാണ്. ഹൈക്കമാന്‍ഡ് ആരെ തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് കെ. മുരളീധരന്‍ വ്യക്തമാക്കിയെങ്കിലും അണികള്‍ക്കിടയിലെ ചേരിതിരിവ് ഹൈക്കമാന്‍ഡിനെ കുഴപ്പിക്കുന്നുണ്ട്.
ഐ.സി. ബാലകൃഷ്ണന്‍ രണ്ട് പേരെ പിന്തുണച്ച രീതി നിരീക്ഷകര്‍ എങ്ങനെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും എന്നതും നിര്‍ണ്ണായകമാണ്. ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഈ എംഎല്‍എമാരുടെ പട്ടികയാകും പ്രധാന ചര്‍ച്ചാവിഷയം. ഭൂരിപക്ഷാഭിപ്രായം മാനിക്കുക എന്ന ജനാധിപത്യ രീതി കോണ്‍ഗ്രസ് സ്വീകരിച്ചാല്‍ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി കെ.സി. വേണുഗോപാല്‍ ആകാനാണ് സാധ്യത കൂടുതല്‍.
അടുത്ത 48 മണിക്കൂര്‍ കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാണ്. ഘടകകക്ഷികളുടെ അതൃപ്തി പരിഹരിക്കുകയും പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കുകയും ചെയ്യുന്ന ഒരു സമവായ ഫോര്‍മുലയ്ക്കാണ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്. മന്ത്രിസ്ഥാനങ്ങള്‍ വീതം വെയ്ക്കുന്നതിലെ ചര്‍ച്ചകളും ഇതിനോടൊപ്പം പുരോഗമിക്കുന്നുണ്ട്. ഞായറാഴ്ചയോടെ എല്ലാ അനിശ്ചിതത്വങ്ങള്‍ക്കും വിരാമമാകും.

