റായ്പൂർ: ഛത്തീസ്‌ഗഢിലെ ബലോഡബസാർ ജില്ലയിൽ ഖാർവെ ഗ്രാമവാസികളെ ഞെട്ടിച്ച കൊലപാതക പരമ്പരയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. നാല് മാസത്തിനിടെ എട്ടു പേരെ മദ്യത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ മദ്യക്കടയുടമ രാം സഹായ് ജയ്‌സ്വാൾ (46) പോലീസ് പിടിയിലായി. കൊലപാതകങ്ങൾക്ക് ശേഷം ഇരകളുടെ സംസ്കാരച്ചടങ്ങുകളിൽ ഇയാൾ പങ്കെടുത്തിരുന്നു. ഈ വർഷം ഫെബ്രുവരി മുതൽ മെയ് വരെയുള്ള കാലയളവിലാണ് രാം സഹായ് ഇരകളെ കൊലപ്പെടുത്തിയത്. ബോറാക്സ് പൗഡർ മദ്യത്തിൽ കലർത്തി നൽകിയാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയത്.
ആദ്യം നായയിൽ പരീക്ഷണം നടത്തി ഫലം ഉറപ്പാക്കിയ ശേഷമാണ് മനുഷ്യരിൽ പ്രയോഗിച്ചതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. തുടർച്ചയായി നടന്ന ദുരൂഹമരണങ്ങളിൽ സംശയം തോന്നിയ ഗ്രാമവാസികൾ ഈ മാസം ആദ്യം പോലീസിനെ സമീപിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. മരണപ്പെട്ടവരെല്ലാം അവസാനമായി രാം സഹായുമായി സമ്പർക്കം പുലർത്തിയിരുന്നുവെന്ന കണ്ടെത്തലാണ് അന്വേഷണത്തിൽ നിർണായകമായത്. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ, പ്രതി ഇരകളെ ഒന്നൊന്നായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമായി.
മെയ് 14-ന് മരിച്ച മഹേതരു സാഹുവിന്റെ മൃതദേഹം ജൂൺ 13-ന് പുറത്തെടുത്ത് പരിശോധിച്ചതിന് പിന്നാലെ, മറ്റ് ആറ് പേരുടെ മൃതദേഹങ്ങൾ കൂടി പോലീസ് പുറത്തെടുത്ത് റായ്പൂരിലെ മെഡിക്കോ-ലീഗൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ഒരു ഇരയുടെ മൃതദേഹം നേരത്തെ സംസ്‌കരിച്ചതിനാൽ പരിശോധനയ്ക്ക് ലഭ്യമായിരുന്നില്ല. തിരഞ്ഞെടുപ്പ് തർക്കങ്ങൾ, പരസ്യമായ അധിക്ഷേപങ്ങൾ, ഭാര്യയെ സംബന്ധിച്ച സംശയങ്ങൾ, മന്ത്രവാദവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ, ഭൂമി തർക്കം, കടം ഒഴിവാക്കാനുള്ള ശ്രമം എന്നിങ്ങനെയുള്ള കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി.
ഏപ്രിലിൽ ഇയാൾ വിഷം നൽകിയ കാർത്തിക് എന്നൊരാൾ അത്ഭുതകരമായി രക്ഷപ്പെട്ടതാണ് കേസിൽ വഴിത്തിരിവായത്. കാർത്തിക്കിന്റെ മൊഴിയും പ്രതിക്കെതിരായ തെളിവായി പോലീസ് ഉപയോഗിക്കും. എട്ടു കൊലപാതകങ്ങൾക്കും ഒരു വധശ്രമത്തിനുമാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഫോറൻസിക് റിപ്പോർട്ടുകൾ വരാനിരിക്കുന്നതേയുള്ളൂവെന്നും അന്വേഷണം ഊർജിതമായി തുടരുകയാണെന്നും ബലോദബസാർ എസ്പി ഒ.പി. ശർമ അറിയിച്ചു.
