കൂത്തുപറമ്പില്‍ ജയന്തി രാജന്റെ തോല്‍വിയില്‍ മുസ്ലിംലീഗില്‍ പ്രതിഷേധം ശക്തം; പാനൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ മണ്ഡലം സെക്രട്ടറിയുടെ കോലം കത്തിച്ചു; ഷാഹുല്‍ ഹമീദും കുടുംബവും ജയന്തി രാജനെതിരെ പരസ്യമായി തന്നെ പ്രവര്‍ത്തിച്ചുവെന്ന് ആരോപണം

കൂത്തുപറമ്പില്‍ ജയന്തി രാജന്റെ തോല്‍വിയില്‍ മുസ്ലിംലീഗില്‍ പ്രതിഷേധം ശക്തം; പാനൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ മണ്ഡലം സെക്രട്ടറിയുടെ കോലം കത്തിച്ചു; ഷാഹുല്‍ ഹമീദും കുടുംബവും ജയന്തി രാജനെതിരെ പരസ്യമായി തന്നെ പ്രവര്‍ത്തിച്ചുവെന്ന് ആരോപണം .



പാനൂര്‍: സംസ്ഥാനമാകെ യു.ഡി.എഫ് തരംഗം വീശിയടിച്ചപ്പോഴും കൂത്തുപറമ്പ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായ ദേശീയ ജനറല്‍സെക്രട്ടറി ജയന്തി രാജന്‍ നേരിയ വോട്ടിന് പരാജയപ്പെട്ടതില്‍ കൂത്തുപറമ്പ് മണ്ഡലം ലീഗില്‍ പ്രതിഷേധം വ്യാപകമാക്കി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തില്‍ രാത്രി പാനൂരില്‍ സംസ്ഥാനത്താകെയുള്ള യു.ഡി.എഫ് ജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ മുദ്രാവാകും മുഴക്കി.

കൂത്തുപറമ്പ് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഷാഹുല്‍ ഹമീദിനെതിരായിരുന്നു പ്രധാനമായും പ്രവര്‍ത്തകരുടെ രോഷ പ്രകടനം. ഷാഹുല്‍ ഹമീദും കുടുംബവും ജയന്തി രാജനെതിരെ പരസ്യമായി തന്നെ പ്രവര്‍ത്തിച്ചുവെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ഷാഹുല്‍ ഹമീദിന്റെയും പ്രസിഡന്റ് പി.പി.അബ്ദുല്‍ സലാമിന്റെയും തട്ടകമായ പാനൂരില്‍ ജയന്തി രാജന് ലഭിച്ച വോട്ട് കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണ്. ആയിരം വോട്ടാണ് കുറഞ്ഞത്. ജയന്തി രാജന്‍ തോല്‍ക്കുന്നത് 930 വോട്ടുകള്‍ക്കാണ്. കരിയാടും കുന്നോത്തുപറമ്പും പെരിങ്ങളവുമൊക്കെ പിടിച്ചു നിന്നപ്പോള്‍ പാനൂരില്‍ വോട്ടു കുറഞ്ഞത് ഗ്രൂപ്പിസത്തിന്റെ പരിണിത ഫലമാണെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.മുന്‍ പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ലയുടെ മരുമകനാണ് ഇപ്പോഴത്തെ ലീഗ് പ്രസിഡന്റ് അബ്ദുല്‍ സലാം.

തോറ്റത് ജയന്തി രാജനല്ല, കൂത്തുപറമ്പിലെ മുസ്ലിം ലീഗ് പാര്‍ട്ടിയാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ഈ വികാരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ പ്രകടനം.ഗ്രൂപ്പിസത്തിന്റെ പേരില്‍ ഇനിയും എത്രതവണ പാര്‍ട്ടി തോല്‍ക്കണമെന്ന് ഇവര്‍ ചോദിക്കുന്നു. ഇടത് കോട്ടകൊത്തളങ്ങളായ പയ്യന്നൂരും തളിപ്പറമ്പും ഉള്‍പ്പടെ നിലം പൊത്തിയിട്ടും അത്രക്ക് ഇളകാത്ത കോട്ടയാണോ കൂത്തുപറമ്പെന്നും ചോദ്യമുയരുന്നു.

സ്ഥാനാര്‍ഥി പ്രഖ്യാപനം വന്ന അന്ന് പാര്‍ട്ടി മണ്ഡലം ഷാഹുല്‍ ഹമീദിന്റെ ഭാര്യയുടെ വാട്‌സപ് സ്റ്റാറ്റസില്‍ റാന്തല്‍ കത്തിച്ചു വെച്ചത് സൂചനയായിരുന്നുവെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ഇക്കാക്ക ജയിക്കാത്തിടത്ത് ജയന്തി രാജന്‍ ജയിക്കണ്ടെന്ന വാട്‌സപ്പ് പ്രചാരണവും പാര്‍ട്ടി ഗ്രൂപ്പുകളില്‍ കണ്ടവരും കേട്ടവരുമാണ് നമ്മളെന്നും പ്രകടനം നടത്തിയവര്‍ വ്യക്തമാക്കുന്നുണ്ട്. ഇത്രയും മികച്ചൊരു സ്ഥാനാര്‍ത്ഥിയെ കൂത്തുപറമ്പിനു കിട്ടിയിട്ടും വിജയിപ്പിച്ചെടുക്കാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്തം ചില നേതാക്കള്‍ക്ക് മാത്രമാണെന്നും കോണ്ഗ്രസ്സിന്റെ ഭാഗത്ത് നിന്നുണ്ടായ ശക്തമായ പിന്തുണയാണ് തോല്‍വിഭാരം 930 തില്‍ ഒതുങ്ങിയതെന്നും പറയുന്ന ഇവര്‍ തിരിഞ്ഞു നിന്ന ലീഗ് നേതാക്കള്‍ പാര്‍ട്ടിക്ക് അപമാനമാണെന്നും ജൂതാസിന്റെ പണിയെടുത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകരെ അപമാനിച്ചും അവഗണിച്ചും പാര്‍ട്ടിക്ക് ഉണ്ടാക്കിയ പ്രയാസങ്ങളും വേദനയും ചെറുതല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

നല്ല ചുളിവ് മാറാത്ത വാസ്ത്രവും ധരിച്ച് മിനുക്കിയ മുഖവുമായി പാര്‍ട്ടി വേദികളിലും പൊതു പരിപാടികളിലും നിങ്ങളെ കാണുമ്പോള്‍ സാധാരണക്കാരായ പ്രവര്‍ത്തകര്‍ ഒരായിരം വട്ടം പുഛിക്കുമെന്ന് ഒരു വാട്‌സാപ്പ് സന്ദേശത്തില്‍ പറയുന്നു. വടകരയില്‍ ഷാഫി പറമ്പിലിന് പാനൂര്‍ മേഖലയില്‍ ലഭിച്ചത് 2500 വോട്ടിന്റെ ലീഡാണ്. എന്നാല്‍ 885വോട്ട് മാത്രമേ ജയന്തി രാജന് ലീഡുള്ളൂ. പൊട്ടങ്കണ്ടി അബ്ദുല്ലക്ക് കഴിഞ തവണ പാനൂര്‍ മേഖലയില്‍ കിട്ടിയ ഭൂരിപക്ഷം 1191 വോട്ടാണ്. ജയന്തി രാജന് കിട്ടിയത് 885. ഈ കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തകര്‍ തെരുവില്‍ കോലം കത്തിച്ചു കൊണ്ട് പ്രതിഷേധത്തിനിറങ്ങിയത്.