വിദ്യാർത്ഥിനികളുടെ ആർത്തവ അവധി : സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കും, കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ പരിഗണിച്ചാണ് അവധി : എൻ. ഷംസുദ്ദീൻ

വിദ്യാർത്ഥിനികളുടെ ആർത്തവ അവധി : സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കും, കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ പരിഗണിച്ചാണ് അവധി : എൻ. ഷംസുദ്ദീൻ



വിദ്യാർത്ഥികൾക്ക് എല്ലാ മാസവും മൂന്ന് ദിവസം ആർത്തവ അവധി നൽകുന്നതിൽ സ്ത്രീ സമൂഹത്തിൽ നിന്ന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. പൊതു നിർദേശമായി ഉയർന്നുവന്ന വിഷയം സർക്കാർ പരിഗണിച്ചു എന്ന് മാത്രമേയുളളുവെന്ന് ഷംസുദ്ദീൻ പറഞ്ഞു.

ആർത്തവ സമയത്ത് കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർത്ഥിനികളും സ്ത്രീകളുമുണ്ടെന്നും അവരെ ക്ലാസുകളിൽ പങ്കെടുപ്പിക്കാൻ നിർബന്ധിക്കരുതെന്നും മന്ത്രി പറഞ്ഞു. അവരെ പരിഗണിച്ചാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ആർത്തവ അവധി സംബന്ധിച്ച് യുഡിഎഫിനകത്ത് അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ആർത്തവം സ്ത്രീകൾക്ക് ദൈവികമായി ലഭിച്ച കാര്യമാണെന്നും അത് മാറ്റിനിർത്തേണ്ട ഒന്നല്ലെന്നും തൃക്കാക്കര എംഎൽഎ ഉമാ തോമസ് പറഞ്ഞു. ആർത്തവ അവധി നൽകുമ്പോൾ കൗമാരക്കാർക്കിടയിൽ വിളിപ്പേരുകളുണ്ടാകാനും അധിക്ഷേപിക്കപ്പെടാനും സാധ്യതയുണ്ടെന്നും കുട്ടികളെ മാറ്റി നിർത്തുന്നതിന് പകരം അവർക്ക് സൗകര്യമുണ്ടാക്കി കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും ഉമാ തോമസ് പറഞ്ഞു.