ബാരാ പോൾ ജലവൈദ്യുത പദ്ധതി കനാലിലെ ഗർത്തം ബംഗളൂരു എൻ ഐ ആർ എം സംഘം പഠനം ആരംഭിച്ചു

ബാരാ പോൾ ജലവൈദ്യുത പദ്ധതി കനാലിലെ ഗർത്തം ബംഗളൂരു എൻ ഐ ആർ എം സംഘം പഠനം ആരംഭിച്ചു


ഇരിട്ടി:  ബാരാപോൾ ജലവൈദ്യുതി പദ്ധതിയിൽ നിന്നുമുള്ള വൈദ്യുതി ഉത്പാദനം പൂർണ്ണമായും നിർത്തിവെക്കാൻ ഇടയാക്കിയ കനാലിലെ കൂറ്റൻ ഗർത്തം അടക്കുന്നതടക്കമുള്ള നവീകരണ പ്രവർത്തി നടത്തുന്നതിന്  മുന്നോടിയായി ജിയോ ഫിസിക്കൽ ഇൻവെസ്റ്റ‌ിഗേഷൻ പഠന റിപ്പോർട്ട് തയാറാക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ബംഗളൂരു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിക്സി (എൻഐആർഎം) ൽ നിന്നുള്ള സംഘത്തെയാണ് ഇതിനായി  നിയോഗിച്ചിരിക്കുന്നത് .  കനാലിൽ 10 മാസം മുൻപാണ് വൻ  ഗർത്തം രൂപപ്പെട്ട്  ചോർച്ച കണ്ടെത്തിയത്.  എൻജിനീയറിങ് ജിയോഫിസിക്‌സ് വിഭാഗം മേധാവി സയന്റിസ്‌റ്റ് ഡോ. സന്ദീപ് നെല്ല്യാട്ട്, സയന്റിഫിക് അസിസ്റ്റൻ്റ് ശശിനാഥ് വർമ, പ്രൊജക്ട‌് സയൻ്റിസ്‌റ്റ് മുഹമ്മദ് അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇത് സംബന്ധിച്ച  പഠനം ആരംഭിച്ചു. 10 ദിവസം സ്‌ഥലത്ത് ക്യാംപ് ചെയ്‌തു സംഘം പരിശോധന നടത്തും. ഒരു  മാസത്തിനകം റിപ്പോർട്ട് കെഎസ്ഇബിക്ക് കൈമാറും. കനാലിൽ ഗർത്തവും ചോർച്ചയും കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ വർഷം ജൂൺ 26 മുതൽ ആണ് ബാരാപ്പോളിൽ നിന്നുമുള്ള വൈദ്യുതി ഉദ്പാദനം പൂർണ്ണമായും നിർത്തി വെച്ചിരിക്കുന്നത്. നല്ല മഴ ലഭിച്ച കഴിഞ്ഞ കാലവർഷത്തിൽ പൂർണ്ണ തോതിൽ ഉദ്പാദനം  നടക്കേണ്ട സമയത്ത് ഉദ്പാദനം മുടങ്ങിയതോടെ കോടികളുടെ നഷ്ടമാണ് കെ എസ് ഇ ബി ക്ക് ഉണ്ടായിരിക്കുന്നത്. 

ചോർച്ച കണ്ടെത്തിയതോടെ വിവിധ ഏജൻസികൾ നേരത്തേയും പഠനം നടത്തുകയും റിപ്പോർട്ട് തയാറാക്കി നൽകുകയും ചെയ്തെങ്കിലും പരാതികൾ ഉയർന്ന 1.400 കിലോമീറ്റർ കനാൽ ദൂരം പൂർണമായും പഠനം നടത്തി റിപ്പോർട്ട് ലഭ്യമാക്കാനായിരുന്നു ബോർഡ് തീരുമാനം. 1.400 കിലോമീറ്റർ ദൂരം കനാൽ പുനർനിർമിക്കുന്നതിനു 52 കോടി രൂപയുടെ എസ്‌റ്റിമേറ്റ് തയാറാക്കി കഴിഞ്ഞ നവംബറിൽ കെഎസ്ഇബി സിവിൽ വിഭാഗം ബോർഡിന് സമർപ്പിച്ചിരുന്നു. പ്രവൃത്തി നടപ്പാക്കും മുൻപായി കനാൽ കടന്നുപോകുന്ന ഭൂമിയുടെ ഘടന, മണ്ണ്, ഭൂമിക്കടിയിലൂടെയുള്ള ജലത്തിന്റെ ഒഴുക്ക്, പാറയുടെ ഘടന, സോയിൽ പൈപ്പിങ് എന്നിവ കൂടി ശാസ്ത്രീയമായി പരിശോധിച്ച് ശേഷം നവീകരണ പ്രവൃത്തി നടത്തുകയാണ് ബോർഡ് ലക്ഷ്യം. 
എൻഐആർഎം സംഘം സൈസ്‌മിക് റിഫ്രാക്‌ഷൻ ടോമോഗ്രഫി, ഇലക്ട്രിക്കൽ റെസിസ്‌റ്റിവിറ്റി ടോമോഗ്രഫി, മൾട്ടിചാനൽ അനലൈസിസ് ഓഫ് സർഫേസ് വേവ് എന്നീ 3 വിധത്തിൽ കനാൽ പൂർണമായും പരിശോധിച്ചു സമഗ്ര റിപ്പോർട്ട് തയാറാക്കി കെഎസ്ഇബിക്കു നൽകും. കേന്ദ്ര മൈൻസ് മന്ത്രാലയത്തിനു കീഴിലുള്ളതാണ് എൻഐആർഎം. 10 വർഷം മുൻപ് ഉദ്ഘാടനം ചെയ്‌തതു മുതൽ 3 കിലോമീറ്റർ ദുരമുള്ള കനാൽ ശൃംഖലയിൽ ഇലവുങ്കൽ ജംക്‌ഷൻ മുതൽ പവർ ഹൗസ് വരെയുള്ള 1.400 കിലോമീറ്റർ ദൂരം മിക്കപ്പോഴും ചോർച്ച കണ്ടെത്തിയിരുന്നു.
അരികുവശം കരിങ്കൽ കെട്ടിൽ ഇരുമ്പുവല വച്ചു കോൺക്രീറ്റ് നടത്തി നിർമാണം നടത്തിയപ്പോൾ തന്നെ ഈ മേഖലയിൽ സോയിൽ പൈപ്പിങ് പ്രതിഭാസം ഉള്ളതായും പൂർണമായും കോൺക്രീറ്റ് ചെയ്ത്  കനാൽ നിർമ്മിക്കണമെന്നും പ്രദേശവാസികൾ നിർമ്മാണ സമയത്തുതന്നെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഇതൊന്നും  പരിഗണിക്കപ്പെട്ടില്ല. പഠന റിപ്പോർട്ട് ലഭിച്ചു എസ്‌റ്റിമേറ്റ് പുതുക്കി നവീകരണം നടത്തുമ്പോഴേക്കും അടുത്തവർഷത്തെ വൈദ്യുതി ഉദ്പാദനവും നിലക്കാനാണ് സാധ്യത.  കനാൽ നവീകരണം നീളും തോറും ഉൽപാദനം മുടങ്ങി വൻ നഷ്ടമാണ് ഉണ്ടാകുക.