
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan Facebook Bio Change). ഫേസ്ബുക്ക് ബയോയിൽ നിന്ന് ‘മുഖ്യമന്ത്രി’ (Chief Minister) എന്ന പദവി ഒഴിവാക്കി ‘പോളിറ്റ് ബ്യൂറോ മെമ്പർ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)’ എന്ന് മാറ്റിയിട്ടുണ്ട്. കൂടാതെ ‘ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ് കേരള’ എന്ന ഔദ്യോഗിക പേജിൽ നിന്ന് മുഖ്യമന്ത്രിയുടെ ചിത്രം മാറ്റി സർക്കാരിന്റെ ഔദ്യോഗിക മുദ്രയാക്കി മാറ്റിയിട്ടുമുണ്ട്.
തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ ആത്മവിശ്വാസത്തിലാണ്. വികസന പദ്ധതികൾ എൽ.ഡി.എഫിന് അനുകൂലമാകുമെന്നും കേരളത്തിൽ ഇടതുപക്ഷം ചരിത്രവിജയം നേടുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. ബി.ജെ.പിക്ക് ഇത്തവണയും സീറ്റുകൾ ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം , ഇടതുപക്ഷത്തിന്റെ അവകാശവാദം വോട്ടെണ്ണൽ തുടങ്ങുന്നത് വരെ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ യു.ഡി.എഫ് വലിയ മുന്നേറ്റം നടത്തുമെന്നും കോൺഗ്രസ് ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായോ അല്ലെങ്കിൽ ഭരണമാറ്റത്തിനുള്ള സാധ്യത കണക്കിലെടുത്താണോ പിണറായി വിജയന്റെ ബയോ മാറ്റം എന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ഫലം പുറത്തുവരുന്നതോടെ മാത്രമേ ഈ മാറ്റങ്ങളുടെ രാഷ്ട്രീയ മാനം വ്യക്തമാവുകയുള്ളൂ.
