തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരന്‍ അര്‍ഷിദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടാനച്ഛന്‍ അഷ്‌കറിനെതിരെ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന്റെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. അഷ്‌കറിന്റെ ആദ്യഭാര്യ ആമിനയെ ഇയാള്‍ നിരന്തരം ക്രൂരമായ മര്‍ദനങ്ങള്‍ക്ക് ഇരയാക്കിയിരുന്നുവെന്ന് ആമിനയുടെ അമ്മ ഷജില ബീവി (ഷാജില ബീവി) മാധ്യമങ്ങളോട് വെളിപ്പെടുത്തി. അഷ്‌കറിന്റെ മര്‍ദനം കാരണം ആമിനയുടെ ബോധം നഷ്ടപ്പെടുകയും ഒരു വര്‍ഷത്തിലധികം കാലം കോമ അവസ്ഥയിലാവുകയും ചെയ്തു. വീട്ടുകാര്‍ അറിയാതെ അഷ്‌കറിനൊപ്പം ഇറങ്ങിപ്പോയതിനാല്‍ താന്‍ അനുഭവിക്കുന്ന ക്രൂരതകള്‍ ആമിന തുടക്കത്തില്‍ ആരോടും പറഞ്ഞിരുന്നില്ല.
എന്നാല്‍, മകളുടെ നിലവിളി കേട്ട നാട്ടുകാരും അയല്‍വാസികളുമാണ് വിവരം കുടുംബത്തെ അറിയിച്ചത്. കുട്ടിയെ കൊല്ലാന്‍ കൊടുത്തിരിക്കുകയാണോ എന്ന് വരെ നാട്ടുകാര്‍ തങ്ങളോട് ചോദിച്ചതായി അമ്മ പറയുന്നു. ഭിത്തിയിലും ക്ലോസറ്റിലും ആമിനയുടെ തല ഇടിപ്പിക്കുക, ശുചിമുറിയിലിട്ട് ക്രൂരമായി മര്‍ദിക്കുക, അടിവയറ്റില്‍ ചവിട്ടുക, ചെവിക്കല്ലിന് ഇടിക്കുക, വിഷം കൊടുത്ത് കൊല്ലാന്‍ നോക്കുക തുടങ്ങിയ അതിക്രൂരമായ പീഡനങ്ങളാണ് ആമിനയ്ക്ക് നേരിടേണ്ടി വന്നത്. ഇതിനെല്ലാം പുറമെ ആമിനയെ ഫാനില്‍ കെട്ടിത്തൂക്കി കൊല്ലാനും അഷ്‌കര്‍ ശ്രമിച്ചിരുന്നു. ഈ ക്രൂരതകള്‍ക്കെല്ലാം അഷ്‌കറിന്റെ അമ്മയും സഹോദരിയും പൂര്‍ണ്ണ പിന്തുണ നല്‍കി കൂടെ നിന്നിരുന്നു. പീഡന വിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ ആമിനയുടെ കുടുംബത്തെ മുഴുവന്‍ അപായപ്പെടുത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
കടുത്ത മര്‍ദനത്തെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ച് ട്യൂമര്‍ ആയതിനെ തുടര്‍ന്ന് ആമിനയ്ക്ക് ഓപ്പറേഷന്‍ നടത്തേണ്ടി വരികയും, തുടര്‍ന്ന് സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെടുകയുമായിരുന്നു. മര്‍ദനം മൂലം കിടപ്പുരോഗിയായ ആമിന 13 മാസത്തോളം കോമാ സ്റ്റേജിലായിരുന്നു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആമിനയ്ക്ക് പത്ത് മാസം മുന്‍പാണ് ഓര്‍മശക്തി ചെറുതായെങ്കിലും തിരികെ കിട്ടിയത്. ഇപ്പോള്‍ കുറച്ചൊക്കെ സംസാരിക്കുമെങ്കിലും ചില കാര്യങ്ങളൊന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. പൂര്‍ണ്ണമായും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയിലായതിനാലാണ് ഇരുവരുടെയും ബന്ധം നിയമപരമായി വേര്‍പെടുത്താന്‍ പോലും ഇതുവരെ സാധിക്കാത്തത്. അഷ്‌കറിനെതിരെ നെടുമങ്ങാട് പൊലീസിലും വനിതാ കമ്മീഷനിലും ആറോളം തവണ പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്ന് ഷജില ബീവി ആരോപിക്കുന്നു. പൊലീസിലെ ചില ഉദ്യോഗസ്ഥരുമായി അഷ്‌കറിനുള്ള വ്യക്തിപരമായ സൗഹൃദമാണ് നടപടികളില്‍ നിന്നും ഇയാളെ രക്ഷിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
തന്റെ 16 വയസ്സുകാരനായ ഇളയമകന്റെ മരണത്തിലും അഷ്‌കറിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി അമ്മ വെളിപ്പെടുത്തി. കുടുംബത്തെ മുഴുവന്‍ കൊല്ലുമെന്ന് അഷ്‌കര്‍ പല തവണ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 16 വയസ്സുകാരനായ മകനെ ദുരൂഹ സാഹചര്യത്തില്‍ തോട്ടില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നര വയസ്സുകാരന്‍ അര്‍ഷിദിന്റെ ദാരുണമായ കൊലപാതകത്തിന് പിന്നാലെയാണ് അഷ്‌കര്‍ മുന്‍പും നടത്തിയിട്ടുള്ള സമാനതകളില്ലാത്ത ക്രൂരതകളുടെയും ഭീഷണികളുടെയും വിവരങ്ങള്‍ പുറത്തുവരുന്നത്.
