കോഴിക്കോട്ടെ സ്ട്രോങ്ങ് റൂം വിവാദം; പേരാമ്പ്രയിലും കൊയിലാണ്ടിയിലും ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
കോഴിക്കോട്: കോഴിക്കോട് സ്ട്രോങ്ങ് റൂമിൽ അട്ടിമറി ശ്രമം നടന്നെന്ന യുഡിഎഫ് ആരോപണത്തില്‍ ചട്ടലംഘനം ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പേരാമ്പ്രയിലും കൊയിലാണ്ടിയിലും വരണാധികാരികൾ ചട്ടലംഘനം നടത്തിയിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നത്. രണ്ട് വരണാധികാരികളുടെയും ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും ആർക്കെതിരെയും നടപടി ഉണ്ടാവില്ലെന്നും കമ്മീഷൻ അറിയിച്ചു. പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയൽ റൂം വരണാധികാരി സംശയാസ്പദമായ രീതിയിൽ തിടുക്കത്തിൽ തുറന്നു എന്നായിരുന്നു യുഡിഎഫിന്‍റെ ആരോപണം.</p><p>കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി കൺവെൻഷൻ സെന്‍ററിൽ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ മെറ്റീരിയൽസ് റൂം തുറന്നത് കൃത്യമായ അറിയിപ്പോ അനുമതിയോ ഇല്ലാതെയെന്ന യുഡിഎഫ് വാദത്തിന്‍റെ മുനയൊടിക്കുന്ന തെളിവുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. റൂം തുറന്നത് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലീയയുടെ ഭർത്താവ് അഡ്വ. ഷഹസാദിൻ്റെ സാന്നിധ്യത്തിൽ ആയിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറത്തുവന്നത്. എൻകോർ സോഫ്റ്റ്‌വെയർ വെരിഫിക്കേഷനായി പേരാമ്പ്ര നിയോജക മണ്ഡലത്തിലെ സീൽ ചെയ്യാത്ത മുറി സ്ഥാനാർത്ഥികളുടെ ഏജന്‍റുമാരുടെ സാന്നിധ്യത്തിൽ തുറന്നതായാണ് റിട്ടേണിംഗ് ഓഫീസര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ രാവിലെ 11.15ന് റൂം തുറന്നു എന്നും ഉച്ചയ്ക്ക് 1.45 ക്ലോസ് ചെയ്തു എന്നുമാണ് റിട്ടേണിംഗ് ഓഫീസർ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, അത്യാവശ്യമായി സ്ട്രോങ്ങ് റൂം തുറക്കണമെന്ന് ആര്‍ഒ അറിയിച്ചപ്പോൾ തൻ്റെ ഇലക്ഷൻ ഏജൻ്റായ കല്ലൂർ മുഹമ്മദാലിക്ക് എത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഭർത്താവും തൻ്റെ വരവ് ചെലവ് കണക്കുകൾ ഏകോപിപ്പിക്കുകയും ചെയ്യുന്ന അഡ്വക്കേറ്റ് ഷഹസാദിനെ സ്ട്രോങ്ങ് റൂമിന് പരിസരത്തേക്കയച്ചത് എന്നാണ് ഫാത്തിമ തഹ്ലിയയുടെ വിശദീകരണം.