
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം (Amoebic Meningoencephalitis) സ്ഥിരീകരിച്ചു. ആലപ്പുഴ അമ്പലപ്പുഴ നീർക്കുന്നം സ്വദേശിനിയായ ആര്യമോൾ (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച (മെയ് 1, 2026) രാവിലെയായിരുന്നു അന്ത്യം.
ബെംഗളൂരുവിൽ നഴ്‌സായി ജോലി ചെയ്തിരുന്ന ആര്യമോൾ വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിനായാണ് മൂന്ന് മാസം മുൻപ് ജോലി രാജിവെച്ച് നാട്ടിലെത്തിയത്. ഒരു മാസം മുൻപ് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രോഗം ഭേദമായി വീട്ടിലെത്തിയെങ്കിലും പിന്നീട് ലക്ഷണങ്ങൾ വീണ്ടും പ്രകടമായതോടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ 18 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
അതേസമയം , ആര്യമോൾക്ക് എവിടെനിന്നാണ് രോഗബാധയുണ്ടായതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സാധാരണയായി കെട്ടിക്കിടക്കുന്ന കുളങ്ങളിലോ തോടുകളിലോ കുളിക്കുമ്പോഴാണ് അമീബ മൂക്കിലൂടെ തലച്ചോറിലെത്തുന്നത്. എന്നാൽ ആര്യമോളുടെ കാര്യത്തിൽ ഇത്തരത്തിലുള്ള സമ്പർക്കമൊന്നും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല.
സംസ്ഥാനത്ത് വേനൽക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരത്തിനുള്ള സാധ്യത കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കണമെന്നും മൂക്കിലേക്ക് വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്. കടുത്ത പനി, തലവേദന, ഛർദ്ദി, കഴുത്ത് വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
