തൃണമൂലിന് തിരിച്ചടി: കേന്ദ്രജീവനക്കാരെ നിയമിച്ചതിൽ തെറ്റില്ല; വോട്ടെണ്ണലിന് സൂപ്പർവൈസർമാരെ നിയമിച്ച സംഭവം, തൃണമൂലിന്റെ ഹർജി തള്ളി സുപ്രീം കോടതി
കൊൽക്കത്ത: പശ്ചിമബംഗാളിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിച്ചതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. തൃണമൂൽ കോൺഗ്രസിന്റെ ഹർജി പരിഗണിക്കാൻ പ്രത്യേക സിറ്റിംഗ് നടത്തിയ കോടതി തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലർ ചട്ടവിരുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടി. 15 ബൂത്തുകളിൽ റീപോളിംഗ് പുരോഗമിക്കുകയാണ്.</p><p>നേരത്തെ കൽക്കട്ട ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് അടിയന്തര ഇടപെടലാവശ്യപ്പെട്ട് ടിഎംസി സുപ്രീം കോടതിയിലെത്തിയത്. വോട്ടെണ്ണൽ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ നിരീക്ഷകരായി കേന്ദ്രസർക്കാർ നോമിനിയും സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമുള്ളപ്പോൾ കൂടുതൽ കേന്ദ്രസർക്കാർ ജീവനക്കാരെ നിയമിക്കേണ്ടതില്ലെന്നാണ് ടിഎംസി വാദിച്ചത്. എന്നാൽ ഓരോ കൗണ്ടിംഗ് ടേബിളിലും രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാരില്ലേയെന്ന് ചോദിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ താൽപര്യം പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.</p><p>കമ്മീഷൻ ഉത്തരവിൻ്റെ അന്തഃസത്ത പാലിക്കണം എന്നും കോടതി നിർദേശിച്ചു. കോടതി നടപടി ബിജെപി ആയുധമാക്കി, വോട്ടെണ്ണലിനെ സ്വാധീനിക്കാനും തെരഞ്ഞെടുപ്പ് നടപടികളെക്കുറിച്ച് ജനങ്ങളിൽ സംശയമുണ്ടാക്കാനുമായിരുന്നു ടിഎംസി ശ്രമമെന്നും അത് നടന്നില്ലെന്നുമാണ് വിമർശനം. മമതയ്ക്ക് തുടർച്ചയായി കോടതികളിൽനിന്നും തിരിച്ചടിയാണെന്നും അമിത് മാളവ്യ പരിഹസിച്ചു.<അതേസമയം കൊൽക്കത്തയിലെ സ്ട്രോങ് റൂമിൽ പോസ്റ്റൽ ബാലറ്റുകൾ വേർതിരിക്കാൻ നടപടി തുടങ്ങിയത് ചട്ട വിരുദ്ധമാണെന്നും റിട്ടേണിംഗ് ഓഫീസർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ടിഎംസി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സംസ്ഥാന വ്യാപകമായി സ്ട്രോങ് റൂമുകളിലെ സിസിടിവികൾ പണി മുടക്കുകയാണെന്ന പരാതിയും ഇന്നലെ തൃണമൂൽ നൽകിയിരുന്നു. വോട്ടിംഗ് മെഷീനിൽ ബിജെപി സ്ഥാനാർത്ഥിക്ക് നേരെയുള്ള ബട്ടണിൽ ടേപ്പ് ഒട്ടിച്ച് അട്ടിമറിക്ക് ശ്രമിച്ചെന്ന് പരാതി ഉയർന്ന സൗത്ത് 24 പർഗാനസിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിലാണ് ഇന്ന് രാവിലെ മുതൽ റീപോളിംഗ് നടക്കുന്നത്. നടപടികൾ ഇതുവരെ സമാധാനപരമാണ്.