എസ് എന്‍ ഡി പി ആരെയും ഉപദ്രവിച്ചിട്ടില്ല, വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ കാണും'; സതീശനെ സന്ദര്‍ശിച്ച് തുഷാര്‍

എസ് എന്‍ ഡി പി ആരെയും ഉപദ്രവിച്ചിട്ടില്ല, വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ കാണും'; സതീശനെ സന്ദര്‍ശിച്ച് തുഷാര്‍



ആലുവ: മുഖ്യമന്ത്രി വി.ഡി. സതീശനെ നേരില്‍ക്കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ച് ബി.ഡി.ജെ.എസ്. അധ്യക്ഷനും എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി. ഇതൊരു സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും ഇതിന് പിന്നില്‍ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും തങ്ങള്‍ പഴയ സുഹൃത്തുക്കളാണെന്നും തുഷാര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് സാധിക്കാത്തതിന്റെ കാരണവും തുഷാര്‍ വെളിപ്പെടുത്തി. ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി തന്നെ രണ്ടു മൂന്ന് തവണ വിളിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി താന്‍ ഇന്ത്യയ്ക്ക് പുറത്തായിരുന്നതിനാലാണ് എത്താന്‍ സാധിക്കാതെ പോയത്. അന്ന് ഫോണിലൂടെ ബന്ധപ്പെടാനും പ്രയാസമുണ്ടായിരുന്നു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്തുള്ള ദിവസം നോക്കി നേരിട്ട് കണ്ട് അഭിനന്ദിക്കാനാണ് താന്‍ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ കൂടിക്കാഴ്ചയില്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കാന്‍ പ്രത്യേക ആവശ്യങ്ങളോ നിവേദനങ്ങളോ ഉണ്ടായിരുന്നില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കേരളം ഭരിക്കുന്നവരുമായി എപ്പോഴും സൗഹൃദവും സ്‌നേഹവും നിലനിര്‍ത്തുക എന്നത് എസ്.എന്‍.ഡി.പിയുടെ പൊതുവായ രീതിയാണ്. വരുംദിവസങ്ങളില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മില്‍ കൂടിക്കാഴ്ച ഉണ്ടായേക്കാമെന്നും അദ്ദേഹം സൂചന നല്‍കി