ബംഗളൂരു: കാറിനുള്ളിൽ ഐസ്‌ക്രീം വീഴ്ത്തിയതിന് ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കുട്ടിയുടെ അമ്മയുടെ ലിവിങ് പങ്കാളിയാണ് കൊലപാതകം നടത്തിയത്. കുട്ടിയെ വയറ്റിൽ ആഞ്ഞിടിക്കുകയും പിന്നാലെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മ പ്രിയങ്ക പി, ഇവരുടെ ലിവിങ് പങ്കാളിയും റിയൽ എസ്റ്റേറ്റ് വ്യാപാരിയുമായ മോഹൻ ജെ. മഹാനിംഗപ്പ എന്നിവരെയാണ് കാഡുഗോഡി പൊലീസ് അറസ്റ്റ് ചെയ്തത്.
ബംഗളൂരു സീഗേഹള്ളിയിലെ വില്ലയിൽ മാർച്ച് 25-നാണ് കുട്ടി മരിച്ചത്. സംഭവം പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നുള്ള മരണമാണെന്ന് വരുത്തിതീർക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ മാസങ്ങൾ നീണ്ട ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ഇത് ആസൂത്രിത കൊലപാതകമാണെന്ന് ബംഗളൂരു പൊലീസ് കണ്ടെത്തിയത്. ഹസൻ ജില്ലയിൽ നിന്നാണ് പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മോഹൻ നേരത്തെ തന്നെ പൊലീസ് പിടിയിലായിരുന്നു. രണ്ട് പേർക്കെതിരെയും കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.
മാർച്ച് 24-ന് രാത്രി കാറിൽ യാത്ര ചെയ്യുന്നതിനിടയിലാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾ ഉണ്ടായത്. മോഹന്റെ ആഡംബര കാറിനുള്ളിൽ കുട്ടി അബദ്ധത്തിൽ ഐസ്‌ക്രീം വീഴ്ത്തി. ഇതിൽ കടുത്ത പ്രകോപിതനായ മോഹൻ കുട്ടിയുടെ വയറ്റിൽ കൈമുട്ടുകൊണ്ട് ശക്തമായി ഇടിക്കുകയായിരുന്നു എന്ന് പൊലീസ് ഇൻസ്പെക്ടർ ഗോവർധൻ പറഞ്ഞു. വേദനകൊണ്ട് കുട്ടി ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങിയതോടെ മോഹൻ കുട്ടിയുടെ വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് കുട്ടിയുടെ മൃതദേഹവുമായി ഇരുവരും ഏതാണ്ട് 12 മണിക്കൂറോളം ബംഗളൂരു നഗരത്തിൽ കാറോടിച്ച് നടന്നു. അതിനുശേഷമാണ് മകൾക്ക് പെട്ടെന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്ന് വരുത്തിതീർത്ത് ആശുപത്രിയിൽ എത്തിച്ചത്. തുടക്കത്തിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്. കുട്ടിയുടെ അച്ഛനായ പ്രവീൺ ബസപ്പ ജൂൺ 4-ന് നൽകിയ പരാതിയാണ് കേസിൽ നിർണായക വഴിത്തിരിവായത്. പ്രവീണും പ്രിയങ്കയും 2007-ലാണ് വിവാഹിതരായത്. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്.
എന്നാൽ 2025-ന്റെ അവസാനത്തോടെ പ്രിയങ്ക തന്റെ പഴയ സഹപാഠിയായ മോഹനുമായി വീണ്ടും സൗഹൃദത്തിലാവുകയും പ്രവീണിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ചെറിയ മകളെയും കൂട്ടി ബംഗളൂരുവിലേക്ക് മാറുകയായിരുന്നു. മൂത്തമകൾ ദാവൻഗരെയിൽ പ്രവീണിനൊപ്പമാണ് താമസം. മോഹനും ഭാര്യയ്ക്കും രണ്ട് കുട്ടികളുമുണ്ട്. എന്നാൽ ഇയാൾ തന്റെ കുടുംബത്തെ ഉപേക്ഷിച്ചാണ് പ്രിയങ്കയ്‌ക്കൊപ്പം ബംഗളൂരുവിലെ ആഡംബര വില്ലയിൽ താമസമാക്കിയത്.
പ്രിയങ്കയും മോഹനും ചേർന്ന് ഐവിഎഫ് വഴി പുതിയൊരു കുഞ്ഞിന് ജന്മം നൽകാനുള്ള ആലോചനകൾക്കും ചെറിയ മകൾ ഒരു തടസ്സമായി മാറിയതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അച്ഛന്റെ പരാതിയിൽ പറയുന്നത്. കുട്ടി മുൻപും ഇവരിൽ നിന്ന് ക്രൂരമായ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മാർച്ച് 25-ന് പ്രിയങ്കയുടെ സഹോദരൻ വഴിയാണ് പ്രവീൺ മകളുടെ മരണവാർത്ത അറിയുന്നത്. മരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ പ്രിയങ്ക പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയത്.
തലേദിവസം രാത്രി കുട്ടി ബിരിയാണി കഴിച്ചിരുന്നെന്നും അതല്ല, ഐസ്‌ക്രീം കഴിച്ച ശേഷം എസി കാറിൽ ഉറങ്ങാൻ കിടത്തിയതാണെന്നും തങ്ങൾ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് പോയതാണെന്നുമൊക്കെയാണ് പ്രിയങ്ക പറഞ്ഞത്. ഇതിൽ സംശയം തോന്നിയ പ്രവീൺ മകളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സംഘടിപ്പിച്ചു. ഇത് യുകെയിൽ പീഡിയാട്രീഷ്യൻ ആയ തന്റെ ഒരു ബന്ധുവിന് അയച്ചുകൊടുത്തു. റിപ്പോർട്ട് പരിശോധിച്ച ഡോക്ടർ, കുട്ടി ക്രൂരമായ മർദ്ദനത്തിനും ശ്വാസംമുട്ടലിനും ഇരയായിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ചു. ഇതോടെയാണ് പ്രവീൺ പൊലീസിനെ സമീപിച്ചതും കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും.
ഡിജിറ്റൽ തെളിവുകളും കാറിൽ നിന്ന് ലഭിച്ച ഫോറൻസിക് തെളിവുകളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. പ്രതിയായ മോഹനെ കൂടുതൽ ചോദ്യം ചെയ്യലിനായി 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്രിയങ്കയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
